Zygo-Ad

സംസ്ഥാനത്ത് പലയിടത്തായി പണിമുടക്കില്‍ അക്രമവും ഭീഷണിയും: മരുന്ന് ഗോഡൗൺ അടപ്പിച്ചു, 'മത്സ്യവില്പന കട പൂട്ടിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കും': സമര നേതാവ്


തിരുവനന്തപുരം: ഹർത്താലിന് സമാനമായി മാറിയ പൊതു പണിമുടക്കില്‍ പരക്കെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതായി റിപ്പോർട്ട്.

ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്ന കേന്ദ്രവും സമരാനുകൂലികള്‍ ഭീഷണിപ്പെടുത്തി പൂട്ടിച്ചു. കെഎസ്‌ആർടിസി ജീവനക്കാർ ഉള്‍പ്പെടെയുളളവർക്ക് മർദ്ദനമേറ്റതായും പരാതിയുണ്ട്.

ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ്‌സെന്ററാണ് സമരാനുകൂലികള്‍ ഭീഷണിപ്പെടുത്തി പൂട്ടിച്ചത്. മരുന്നുകള്‍ വിതരണം ചെയ്യുന്ന ഗോഡ‌ൗണാണെന്നും അവശ്യ സർവീസില്‍ പെടുന്നതായതിനാല്‍ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ജീവനക്കാർ സമരക്കാരോട് പറയുന്നത് പുറത്തു വന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം. 

എന്നാല്‍, ഇതൊന്നും കാര്യമാക്കാതെ ജീവനക്കാരെ ബലം പ്രയോഗിച്ച്‌ പുറത്താക്കുകയായിരുന്നു.

കോഴിക്കോട് മുക്കത്ത് മത്സ്യ വില്പന കേന്ദ്രത്തിലെത്തിയ സമരക്കാർ  കടയടച്ചില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണയൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ഉന്നത സിഐടിയു നേതാവിന്റെ ഭീഷണി. 

കണ്ണൂർ ശ്രീകണ്‌ഠാപുരം നഗരസഭയിലെ നെടുങ്ങോം ജി.എച്ച്‌.എസ്‌.എസില്‍ ജോലിക്കെത്തിയ അദ്ധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികള്‍ അഴിച്ചു വിട്ടു. കെ.പി.എസ്‌.ടി.എ, എച്ച്‌.എസ്‌.ടി.എ യൂണിയനുകളില്‍പ്പെട്ട 15 അദ്ധ്യാപകരാണ് ഇവിടെ ഹാജരായത്.

കാസർഗോഡ് വെള്ളരിക്കുണ്ട് പരപ്പ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളില്‍ അദ്ധ്യാപികയെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. രാവിലെ പത്ത് മണിയോടെ സംഘടിച്ചെത്തിയ ഇടത് നേതാക്കളാണ് അദ്ധ്യാപിക സിജിയെ ഓഫീസില്‍ പൂട്ടിയിട്ടത്.

 പ്രധാന അദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപിക പ്രഭാവതിയുമായി സമരാനുകൂലികള്‍ വാക്കേറ്റം നടത്തി. പൊലീസ് എത്തിയാണ് വാതില്‍ തുറന്നത്.

തിരുവനന്തപുരം കാട്ടാക്കടയിലും കൊല്ലത്തും കെഎസ്‌ആർടിസി ജീവനക്കാർക്ക് സമരാനുകൂലികളില്‍ നിന്ന് മർദ്ദനമേല്‍ക്കുകയും ചെയ്തു.

 നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറായ ഷിബുവിനാണ് കാട്ടാക്കടയില്‍ മർദ്ദനമേറ്റത്. കൊല്ലത്ത് കണ്ടക്ടറെ ബസിനുള്ളില്‍ കടന്ന് അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നു.

മലപ്പുറത്ത് മഞ്ചേരിയില്‍ പൊലീസും സമരാനുകൂലികളും തമ്മില്‍ ചെറിയതോതില്‍ സംഘർഷമുണ്ടായി. റോഡിലിറങ്ങിയ സ്വകാര്യ വാഹനത്തെ സമരാനുകൂലികള്‍ തടഞ്ഞതിനെ ചോദ്യം ചെയ്തതായിരുന്നു സംഘർഷത്തിന് കാരണം.

ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനാല്‍ കെഎസ്‌ആർടിസി ഡിപ്പോകളില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. എന്നാല്‍ സർവീസുകള്‍ നടത്തുന്നില്ലെന്നാണ് യാത്രക്കാരോട് പറയുന്നത്. 

എത്തുന്നവരെ സർവീസ് ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. കൊച്ചിയിലും തൃശൂരും സർവീസ് നടത്താനൊരുങ്ങിയ കെഎസ്‌ആർടിസി ബസുകള്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു.

 പൊലീസ് സംരക്ഷണത്തോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോകള്‍ക്ക് ലഭിച്ചിരിക്കുന്ന നിർദേശം. കെഎസ്‌ആർടിസി ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകള്‍ തള്ളിയിരുന്നു. പണിമുടക്ക് നോട്ടിസ് നേരത്തേ നല്‍കിയതാണെന്നും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ