ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ വിജയ്. ടിവികെയുടെ നേതൃ യോഗത്തിലാണ് പ്രഖ്യാപനം.
വിജയുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കുമെന്നും സെപ്റ്റംബർ മുതല്‍ ഡിസംബർ വരെ വിജയ് യുടെ സംസ്ഥാന പര്യടനം നടത്തുമെന്നും പ്രഖ്യാപനം.
ടിവികെ എഐഡിഎംകെ സഖ്യത്തിലേക്കില്ലെന്നും പ്രഖ്യാപിച്ചു. ഇത് കൂടാതെ ബിജെപിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് വിജയ് യുടെ പരസ്യ പ്രഖ്യാപനം.
രാഷ്ട്രീയ ലാഭത്തിനായി ബിജെപിയുമായി ചേരാൻ ഞങ്ങള്‍ ഡിഎംകെയോ എഐഎഡിഎംകെയോ അല്ല. ഇത് ടിവികെ ആണ്. പെരിയാറിനെ അപമാനിക്കുന്നവർക്ക് തമിഴ് മണ്ണില്‍ ഇടമില്ലെന്ന് പ്രഖ്യാപിച്ച വിജയ് ബിജെപി ക്ഷണം തള്ളി.
വൻ കരഘോഷത്തോടെയാണ് വിജയുടെ പ്രഖ്യാപനത്തെ ജനം എതിരേറ്റത്. ഡിഎംകെയുമായും ഒരിക്കലും കൈ കോർക്കില്ലെന്നും വിജയ് വ്യക്തമാക്കി.
സംസ്ഥാനത്ത് രണ്ട് കോടി അംഗങ്ങളെ ചേർക്കുകയെന്ന ലക്ഷ്യം വെച്ചു കൊണ്ട് ടിവികെ അംഗത്വ അടിത്തറ വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം അവസാന നാല് മാസങ്ങളിലായി വിജയ് തമിഴ്‌നാട്ടില്‍ അങ്ങോളം ഇങ്ങോളം പര്യടനങ്ങള്‍ നടത്തുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേ സമയം, ടിവികെയുടെ പ്രഖ്യാപനത്തോടെ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂടേറുമെന്നാണ് കരുതുന്നത്.
ഒരു ഭാഗത്ത് ഭരണ കക്ഷിയായ ഡിഎംകെ അണിനിരക്കുമ്പോള്‍ മറുവശത്ത് എഐഎഡിഎംകെ, ബിജെപി എന്നിവരും വിജയുടെ ടിവികെയും അണിനിരക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ത്രികോണ മത്സരത്തിന് തന്നെ സംസ്ഥാനം സാക്ഷ്യം വഹിക്കും.
നിലവില്‍ സംസ്ഥാനത്തെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടു കൊണ്ടാണ് ടിവികെ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.