കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി വി.എൻ.വാസവനും ജില്ലാ കളക്ടർ അടക്കമുള്ളവരും സന്ദർശനം നടത്തി.
കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധനസഹായം ബിന്ദുവിന്റെ അമ്മയ്ക്ക് കൈമാറി. ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരണത്തില്‍ അറിയിച്ചിരുന്നു.
മെഡിക്കല്‍ കോളേജിന്റെ എച്ച്‌ഡിഎസ് ഫണ്ടില്‍നിന്നുള്ള 50000 രൂപയാണ് അടിയന്തരമായി കൈമാറിയയെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാരിന്റെ ധനസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്ന് റിപ്പോർട്ട് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
'നാല് കാര്യങ്ങളാണ് കുടുംബം മുന്നോട്ട് വെച്ചത്. ബിന്ദുവിന്റെ മകളുടെ ചികിത്സയാണ് കുടുംബം മുന്നോട്ട് വെച്ച പ്രധാന കാര്യങ്ങളിലൊന്ന്. അത് പൂർണ്ണമായും സർക്കാർ സൗജന്യമായി ഉറപ്പാക്കും. മകന് താത്കാലിക ജോലി നല്‍കാനും തീരുമാനിച്ചു.
സ്ഥിര ജോലി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കുടുംബം മുന്നോട്ട് വെച്ച മറ്റു രണ്ട് കാര്യങ്ങള്‍ സാമ്പത്തിക ധന സഹായമാണ്. താത്കാലിക ധനസഹായം ഇപ്പോള്‍ നല്‍കി. വലിയ ധന സഹായം മന്ത്രിസഭ ചേർന്ന് തീരുമാനിക്കും' മന്ത്രി വാസവൻ അറിയിച്ചു.
തകർന്ന കെട്ടിടത്തില്‍ നിന്ന് രണ്ടേ കാല്‍ മണിക്കൂറിന് ശേഷമാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. രക്ഷാ പ്രവർത്തനത്തില്‍ വന്ന വീഴ്ചയില്‍ ആരോഗ്യ മന്ത്രിക്കും വകുപ്പിനുമെതിരെ രൂക്ഷ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടികളുണ്ടാകുന്നത്.
മന്ത്രി വി.എൻ.വാസവനൊപ്പം ജില്ലാ കളക്ടറും കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
അതേ സമയം രക്ഷാ പ്രവർത്തനത്തില്‍ ഒരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും അപകടം നടന്ന ഉടനെ ജെസിബി കൊണ്ടു വരാൻ നിർദേശം നല്‍കിയിരുന്നതായും മന്ത്രി വാസവൻ പറഞ്ഞു. അപകടം നടന്ന ഉടനെ ബിന്ദു മരിച്ചിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.