തിരുവനന്തപുരം: സപ്ലൈകോ സബ്സിഡി ഇനത്തില്‍ നല്‍കിവരുന്ന ശബരി കെ - റൈസിന്റെ അളവ് കൂട്ടി. മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും അരിയാണ് കെ റൈസ് ആയി വിതരണം ചെയ്യുന്നത്.
ജൂലൈ മുതല്‍ ഓരോ കാർഡ് ഉടമയ്ക്കും എട്ടു കിലോ അരി വീതം ലഭിക്കും. ഓരോ മാസവും രണ്ടു തവണയായാണ് ഇത് വിതരണം ചെയ്യുക.
കെ റൈസും പച്ചരിയും അടക്കം 10 കിലോയാണ് ഓരോ കാർഡ് ഉടമയ്ക്കും പ്രതിമാസം ലഭിക്കുക. നേരത്തെ കെ - റൈസ് പരമാവധി അഞ്ച് കിലോഗ്രാമും ബാക്കി പച്ചരിയുമാണ് സബ്സിഡിയായി ലഭിക്കുന്ന 10 കിലോയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്.
അതേ സമയം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ ജി.ആർ അനില്‍ കേന്ദ്ര മന്ത്രിമാരെ സന്ദർശിച്ചു. ഓണക്കാലത്ത് കൂടുതല്‍ അരിവിഹിതം ലഭ്യമാക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായി മന്ത്രി അറിയിച്ചു.
മുൻഗണനേതര കുടുംബങ്ങള്‍ക്ക് ഓണക്കാലത്ത് അധികമായി അഞ്ച് കിലോ അരി അനുവദിക്കണെന്നും കേരളത്തിന് നേരത്ത ടൈഡോവർ വിഭാഗത്തില്‍ ഉണ്ടായിരുന്ന ഗോതമ്പ് അലോട്ട്മെന്റ് പുനഃസ്ഥാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
എന്നാല്‍ അരി, ഗോതമ്പ് ഇവ അനുവദിക്കുന്ന കാര്യം നിലവില്‍ പരിഗണിക്കാൻ കഴിയുകയില്ല എന്ന് മറുപടിയാണ് കേന്ദ്രമന്ത്രിമാരില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം.
എന്നാല്‍ ഇ പോസ് മെഷീൻ അപ്ഗ്രഡേഷൻ, മണ്ണെണ്ണ വിട്ടെടുപ്പ് എന്നിവയുടെ നിർദിഷ്ട സമയ പരിധി സെപ്തംബർ 30 വരെ ദീർഘിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും കേന്ദ്രം അറിയിച്ചു.