എറണാകുളം:എറണാകുളം കുണ്ടന്നൂര്‍ വികാസ് നഗറിലെ വിഷ്ണുവും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് കയറാനുള്ള അണലിയുടെ ശ്രമം പരാജയപ്പെടുത്തിയത് വീട്ടില ഒമ്പത് വയസ്സുകാരിയായ വളര്‍ത്തു നായ ജാന്‍സിയായിരുന്നു.
പിന്നീടുള്ള ഒരു മാസം ജാന്‍സിക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാനുള്ള തീവ്രമായ ശ്രമങ്ങളാണുണ്ടായത്. അണലിയുടെ കടി കിട്ടിയാല്‍ മരണ സാദ്ധ്യത വളരെ കൂടുതലാണ്. അത്രയും കൊടും വിഷമുള്ള പാമ്പാണ് വൈപ്പര്‍ എന്നറിയപ്പെടുന്ന അണലിയുടേത്.
ജൂണിലാണ് വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച അണലിയെ ജാന്‍സി കടിച്ച് കുടഞ്ഞത്. എന്നാല്‍ ഇതിനിടെ നായക്ക് കടിയേറ്റു. സമീപത്തെ മൃാശുപത്രിയില്‍ ജാന്‍സിയെ എത്തിച്ച് രക്ത പരിശോധന നടത്തിയപ്പോഴാണ് അണലി ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്ന് മനസ്സിലായത്.
ആന്റി വെനം നല്‍കിയെങ്കിലും തൊട്ടടുത്ത ദിവസം നായയുടെ ആരോഗ്യ നില വഷളാകുകയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതോടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു.
ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ ജീവന്‍ രക്ഷിക്കാന്‍ എന്താണ് ചെയ്യുകയെന്ന വീട്ടുടമ വിഷ്ണുവിന്റെ അന്വേഷണം കാക്കനാട് പ്രവര്‍ത്തിക്കുന്ന പെറ്റ് ട്രസ്റ്റ് വെറ്ററിനറി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എത്തി.
ഇവിടെ സജ്ജീകരിച്ചിട്ടുള്ള ഹീമോഡയാലിസിസ് യൂണിറ്റ് ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമാണ്. തുടര്‍ന്ന് പെറ്റ് ട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നല്‍കിയ വിദഗ്ദ്ധ ചികിത്സയില്‍ ജാന്‍സിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം ജാന്‍സി വീണ്ടും ഓടിക്കളിക്കുന്നതിന്റെ ആശ്വാസത്തിലാണ് വീട്ടുകാര്‍.
