ദുർഗ്: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ രണ്ടു മലയാളി കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. ബുധനാഴ്ച ജാമ്യം തേടി ദുർഗിലെ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല.
സിറോ മലബാർ സഭയുടെ കീഴില്‍ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ സിസ്റ്റർമാരായ വന്ദന മേരി, പ്രീതി ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണു സംഭവം. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ ഇവർ റിമാൻഡിലാണ്.
മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാൻ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്. വിഷയത്തില്‍ ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബജ്റങ്ദൾ പ്രവർത്തകർ മുദ്രാവാക്യവും മുഴക്കി. തുടർന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയില്ലെന്ന് ബജ്റങ്ദളിന്റെ അഭിഭാഷകർ പുറത്തെത്തി അറിയിച്ചു.
ഇതോടെയാണ് ബജ്റങ്ദള്‍ പ്രവർത്തകർ കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങള്‍ ആരംഭിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍തന്നെ ജ്യോതിശർമ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബജ്റങ്ദള്‍ പ്രവർത്തകർ കോടതിക്ക് മുന്നില്‍ തടിച്ചു കൂടിയിരുന്നു.