മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് മികച്ച സമാശ്വാസ സേവനങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്തതെന്ന് നാട്ടുകാർ. പാലം ഒലിച്ചുപോയതിനാലും കുത്തൊഴുക്കിനാലും ആദ്യമണിക്കൂറുകളിൽ ഒറ്റപ്പെട്ട് പോയെങ്കിലും പുന്നപ്പുഴ കടന്ന് സർക്കാർ കരങ്ങളിലേക്ക് എത്തിയതിന് ശേഷം സമാനതകളില്ലാത്ത ചേർത്തുപിടിക്കലാണ് തങ്ങൾക്ക് അനുഭവപ്പെട്ടതെന്നും അവർ പറയുന്നു.
രക്ഷപ്പെടുത്തി മേപ്പാടിയിലെ ക്യാമ്പിലെത്തിച്ചപ്പോൾ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചു. മരവിപ്പ് മാറിയിട്ടില്ലാത്തതിനാൽ ശാരീരിക വേദനയൊന്നും ആർക്കുമുണ്ടായിരുന്നില്ല. പിന്നീട് ഡോക്ടർമാർ ക്യാമ്പിലെ ഓരോ വ്യക്തിയെയും പരിശോധിച്ചു. അപ്പോഴാണ് പലരുടെയും പരുക്ക് അറിയുന്നത്. കാലിനടിയില്‍ പൊളിഞ്ഞത് അപ്പോഴാണ് കാണുന്നതെന്ന് റഷീദ് എന്നയാൾ പറഞ്ഞു. അദ്ദേഹം രണ്ടാഴ്ചയോളം ആശുപത്രിയില്‍ കിടന്നു.
ആദ്യഘട്ടത്തിൽ 9000, 10000 രൂപ വീതമൊക്കെ പണമായി ഓരോരുത്തർക്കും കൈയിൽ ലഭിച്ചു. താത്കാലിക വീട്ടില്‍ ഗ്യാസ്, ഫര്‍ണിച്ചര്‍ അടക്കം എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. ഏഴ് മാസത്തേക്ക് വൈദ്യുതി ഫ്രീ ആയിരുന്നു. റേഷന്‍ ഇപ്പോഴും ഫ്രീയാണ്. പുറമെ ആയിരം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള കൂപ്പണ്‍ ലഭിക്കുന്നു. കൂടാതെ, വീട്ടുവാടക 6000 രൂപ അടക്കം മാസം 25,000 രൂപ വീതം കൈയില്‍ തരും.
ദുരന്തബാധിതരായ എല്ലാവര്‍ക്കും ഇത് കിട്ടുന്നുണ്ട്. ആശുപത്രി ചികിത്സ സൗജന്യമാണ്. ഇപ്പോള്‍ ചികിത്സക്കായി സ്മാര്‍ട്ട് കാര്‍ഡ് നൽകുന്നുണ്ട്. നാളെത്തോടെ അതിൻ്റെ വിതരണം പൂർത്തിയാകും. ഇതുപയോഗിച്ച് സ്വകാര്യ ആശുപത്രിയിലും ചികിത്സിക്കാം. റി ഇംബേഴ്‌സ്‌മെന്റിനായി രേഖകൾ കൊടുത്താല്‍ പണം ലഭിക്കും. കിഡ്‌നിയില്‍ കല്ല് ആയതിനാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുമ്പോള്‍ കളക്ടറും എ ഡി എമ്മുമെല്ലാം വന്ന് സന്ദര്‍ശിച്ചതും റഷീദ് ഓർമിച്ചു. അത്രയും കരുതലാണ് ദുരന്തബാധിതരോട് സര്‍ക്കാരിന്. സിസ്റ്റത്തിന്റെ ഗുണമാണതെന്നും റഷീദ് ചൂണ്ടിക്കാട്ടുന്നു.