Zygo-Ad

"ഭാരതാംബയെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരം,ഭാരതാംബ എങ്ങനെ മതചിഹ്നമാകും"; കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ ഹൈക്കോടതി


കൊച്ചി: കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ഗവർണർ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ചതിന് സസ്പെൻഷനിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്.അനില്‍കുമാറിനെതിരായ സസ്പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ ഹൈക്കോടതി. 

ഭാരതാംബയുടെ ചിത്രം സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് നിലപാടെടുത്തതിനാണ് വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍ അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

പ്രസ്തുത നടപടിയെ ചോദ്യം ചെയ്ത് കെ.എസ്. അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭാരതാംബയെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി വിശേഷിപ്പിച്ചു. 

പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നതില്‍ മറുപടി നല്‍കുന്നില്ലല്ലോയെന്നും കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. എന്നാല്‍ ഭാർതാംബയുടെ ചിത്രത്തില്‍ പ്രകോപനപരമായ എന്ത് ചിഹ്നമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.

ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചന്റെതാണ് വിമര്‍ശനം. ഹിന്ദുദേവതയുടെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്ന് രജിസ്ട്രാറുടെ അഭിഭാഷകന്‍ മറുപടി നല്‍കി. ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്നും കോടതി ചോദ്യമുയര്‍ത്തി. 

വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാടിയപ്പോള്‍ അങ്ങനെ സസ്‌പെന്‍ഡ് ചെയ്തിട്ട് സിന്‍ഡിക്കേറ്റിന്റെ അനുമതി തേടിയാല്‍ പോരെ എന്ന സംശയം കോടതി ഉയര്‍ത്തി.

സംഭവത്തില്‍ പോലീസും സര്‍വകലാശാലയും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ