തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് അർധ രാത്രിയോടെ ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോവുക.
ചികിത്സയുടെ ഭാഗമായി ഒരാഴ്ചയോളം അമേരിക്കയില്‍ കഴിയുമെന്നാണ് റിപ്പോർട്ട്.
നേരത്തേ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ പൊതുജനാരോഗ്യ രംഗത്തെ നിരവധി പ്രശ്നങ്ങള്‍ ഉയർന്നു വന്നിരുന്നു.
ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിക്കുക കൂടി ചെയ്തതോടെ വിവാദം കത്തിപ്പടർന്നു.
തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരത്തില്‍ വിവാദം കത്തി നില്‍ക്കെയാണ് മുഖ്യമന്ത്രി ചികിത്സ തേടി യുഎസിലേക്ക് പോകുന്നത്.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും കടുത്ത പ്രതിഷേധമാണ് ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ അരങ്ങേറുന്നത്. കോലം കത്തിച്ചും പ്രകടനം നടത്തിയും പ്രതിഷേധിക്കുകയാണ്.