ഇന്ത്യൻ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കില്‍ പുതിയ 'റെയില്‍വണ്‍' സൂപ്പർ ആപ്പില്‍ ലഭ്യമാകും.
റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും യാത്രക്കാർക്കായുള്ള വിവിധ സേവനങ്ങള്‍ക്കുമുള്ള ഏകീകൃത പ്ലാറ്റ്ഫോമായാണ് ഇത് പ്രവർത്തിക്കുക.
ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റുകള്‍, ട്രെയിൻ ട്രാക്കിങ്ങ് എന്നിവയ്ക്ക് പുറമെ കോച്ചിന്റെ സ്ഥാനം കണ്ടെത്തല്‍, യാത്രാ ഫീഡ്ബാക്ക്, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയില്‍വണ്‍ ആപ്പില്‍ ലഭ്യമാക്കും.
നിലവില്‍, ഇന്ത്യൻ റെയില്‍വേ യാത്രക്കാർ വിവിധ സേവനങ്ങള്‍ക്കായി നിരവധി വ്യത്യസ്ത ആപ്പുകളും വെബ്സൈറ്റുകളുമാണ് ഉപയോഗിക്കുന്നത്.
ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി റെയില്‍ കണക്‌ട്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഐആർസിടിസി ഇ-കാറ്ററിങ്ങ് ഫുഡ് ഓണ്‍ ട്രാക്ക്, ഫീഡ്ബാക്ക് നല്‍കുന്നതിനായി റെയില്‍ മദദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കായി യുടിഎസ്, ട്രെയിൻ ട്രാക്ക് ചെയ്യുന്നതിനായി നാഷണല്‍ ട്രെയിൻ എൻക്വയറി സിസ്റ്റം എന്നിവയാണിവ.
റെയില്‍വണ്‍ ആപ്പ്: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ലളിതവും വ്യക്തമായതുമായ ഇന്റർഫേസിലൂടെ മികച്ച ഉപയോക്തൃ സേവനം നല്‍കുക എന്നതാണ് റെയില്‍വണ്‍ ആപ്പിന്റെ ലക്ഷ്യം.
റെയില്‍വേയുടെ എല്ലാ സേവനങ്ങളെയും ഉള്‍പ്പെടുത്തി ഒരിടത്ത് ഏകീകരിക്കുന്നു. ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും ഐ ഒ എസ് ആപ്പ് സ്റ്റോർ പ്ലാറ്റ്ഫോമുകളിലും പുതിയ റെയില്‍വണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
ഒന്നിലധികം പാസ്വേഡുകള്‍ ഓർമിക്കേണ്ടതിന്റെ ആവശ്യം ഇല്ലാതാക്കി ഒരൊറ്റ സൈൻ-ഓണ്‍ സൗകര്യമാണ് പ്രധാന സവിശേഷത.
ഇൻസ്റ്റാള്‍ ചെയ്ത ശേഷം നിലവിലുള്ള റെയില്‍കണക്‌ട് അല്ലെങ്കില്‍ യുടിഎസ് ഓണ്‍ മൊബൈല്‍ ലോഗിൻ വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് രജിസ്റ്റർ ചെയ്യാം. ഇന്ത്യൻ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് ഇനി പ്രത്യേക ആപ്ലിക്കേഷനുകള്‍ ആവശ്യമില്ല.
ലളിതമായ സംഖ്യാ എംപിൻ, ബയോമെട്രിക് ലോഗിൻ ഓപ്ഷനുകള്‍ വഴി ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാൻ കഴിയും.
പുതിയ ഉപയോക്താക്കള്‍ക്ക് വളരെ കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്‍കി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം. അന്വേഷണങ്ങള്‍ക്ക്, മൊബൈല്‍ നമ്പർ/ ഒടിപി വെരിഫിക്കേഷൻ വഴി ഗസ്റ്റ് ആക്സസ് ലഭ്യമാണ്.