Zygo-Ad

വാട്‌സാപ്പില്‍ ഒരു മെസേജ്: തുറക്കരുത്, പണി കിട്ടും: മുന്നറിയിപ്പുമായി കേരള പൊലീസ്


തിരുവനന്തപുരം: വാട്‌സാപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്റെ പേരില്‍ .apk ഫയലുകള്‍ ലഭിച്ചാല്‍ തുറന്ന് നോക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.

.apk ഫയലുകള്‍ അയച്ച്‌ പണം തട്ടുന്ന സംഘം സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസിന്റെ ഒഫീഷ്യല്‍ ഫേസ്‌ബുക്ക് പേജിലുള്ള പോസ്റ്റില്‍ പറയുന്നു.

മോട്ടോർ വാഹന വകുപ്പിന്റെ പേരില്‍ ട്രാഫിക് ചെല്ലാൻ .apk ഫയലുകളായി അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടും കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ പേരിലോ നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടില്‍ നിന്നോ ഇത്തരം ഫയലുകള്‍ വന്നേക്കാം. 

അത് ഡൗണ്‍ലോഡ് ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷൻ ഫയലുകള്‍ ഇൻസ്റ്റാള്‍ ആയാല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതിലൂടെ നിങ്ങളുടെ ഫോണിലുള്ള ബാങ്കിംഗ് ആപ്ലിക്കേഷനുകളിലൂടെ പണം തട്ടിയെടുക്കാനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഈ ആപ്ലിക്കേഷൻ ഫയലുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്യും. 

അതിനാല്‍, ഇത്തരം സന്ദേശങ്ങള്‍ വന്നു കഴിഞ്ഞാല്‍ ജാഗ്രത പാലിക്കണം. ഇത്തരം മെസേജുകള്‍ വരികയോ സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയോ ചെയ്‌താല്‍ 1930 എന്ന നമറില്‍ ബന്ധപ്പെടണമെന്നും കേരള പൊലീസ് അറിയിച്ചു. cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പൊലീസിനെ വിവരം അറിയിക്കാം.

വളരെ പുതിയ വളരെ പഴയ