തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ കാലവര്‍ഷക്കാറ്റ് 10-നുശേഷം മഴയ്ക്ക് അനൂകൂലമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ വെള്ളിയാഴ്ചയോടെ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ പറയുന്നു. ഈ ആഴ്ചയുടെ അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപം കൊണ്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, നേരത്തെയെത്തിയ കാലവര്‍ഷം മെയ് അവസാനവാരം തകര്‍ത്തുപെയ്തപ്പോള്‍ (kerala rain) ജൂണിലെ ആദ്യവാരത്തില്‍ മഴയുടെ അളവില്‍ 67 ശതമാനം കുറവ്. 47.5 മില്ലി മീറ്റര്‍ മഴമാത്രമാണ് ജൂണ്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിച്ചത്. 144.9 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സമയത്താണ് കണക്കുകളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.