Zygo-Ad

കേരളത്തിന് ചരിത്ര നേട്ടം: പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി കടന്നു


കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നു. 2024 ഡിസംബർ അവസാനം 2.86 ലക്ഷം കോടി രൂപയായിരുന്നു ഈ നിക്ഷേപം; 2025 ജനുവരി-മാർച്ച് കണക്കുകൾ കൂടി വന്നാൽ മൂന്ന് ലക്ഷം കോടി പിന്നിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 24,000 കോടി രൂപയുടെ വർദ്ധനയാണിത്, വർഷംതോറും 9.4% വളർച്ചയുമുണ്ട്.

രാജ്യത്തെ പ്രവാസി നിക്ഷേപത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്; മഹാരാഷ്ട്രയാണ് മുന്നിൽ. ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 19.7% കേരളത്തിലേക്കാണ് എത്തുന്നത്.

 ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചതും ഈ നേട്ടത്തിന് കാരണമായി.

2014-ൽ ഒരു ലക്ഷം കോടി ആയിരുന്ന പ്രവാസി നിക്ഷേപം, 2020-ൽ രണ്ട് ലക്ഷം കോടിയായി. 2021 മുതൽ പ്രതിവർഷം 20% വരെ വളർച്ചയാണുണ്ടായിരിക്കുന്നത്. പ്രവാസി മലയാളികളുടെ എണ്ണം 35.6 ലക്ഷം. ഗൾഫ് രാജ്യങ്ങളിൽ മാത്രം 4.2 ലക്ഷം മലയാളികൾ ഉണ്ട്.

പണമയയ്ക്കലിന് പകരം പലിശയും കറൻസി ആനുകൂല്യങ്ങളും ലഭിക്കുന്ന വിദേശ കറൻസി അക്കൗണ്ടുകളിലേക്കാണ് കൂടുതൽ നിക്ഷേപം എത്തുന്നത്. കോവിഡ് ശേഷം നാട്ടിൽ പണം സൂക്ഷിക്കുന്ന പ്രവണതയും വളർന്നു. 

അമേരിക്കയിൽ നിന്നാണ് ഇന്ത്യയിലെ പ്രവാസി നിക്ഷേപത്തിന്റെ മൂന്നിലൊന്ന് എത്തുന്നത്; യു.എ.ഇ, സൗദി, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റിൻ എന്നിവിടങ്ങളിൽ നിന്നുമാണ് 37.9% നിക്ഷേപം.

ഇതെല്ലാം ചേർന്നാണ് കേരളം പ്രവാസി നിക്ഷേപത്തിൽ ചരിത്ര നേട്ടം കുറിച്ചത്.

വളരെ പുതിയ വളരെ പഴയ