കോട്ടയം: കോട്ടയം എരുമേലിയില്‍ വീടിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കനകപ്പാലം സ്വദേശി സത്യപാലൻ, മകള്‍ അഞ്ജലി എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
സത്യപാലൻ്റെ ഭാര്യ സീതമ്മ (50) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ദമ്ബതികളുടെ മകൻ ഉണ്ണിക്കുട്ടൻ അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. പിന്നീട് ഫയർഫോഴ്സ് എത്തി തീയണച്ചു.
ചില കുടുംബ പ്രശ്നങ്ങളെ തുടർന്ന് മരിച്ച സത്യപാലൻ തന്നെ വീടിന് തീകൊളുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്താണ് സംഭവിച്ചതെന്നതില്‍ നാട്ടുകാർക്കും വ്യക്തതയില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.