Zygo-Ad

അമ്പലമുക്ക് വിനീത വധക്കേസ്; ശിക്ഷാ വിധി വ്യാഴാഴ്ച


തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസില്‍ ശിക്ഷാ പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

കേസ് അപൂർവങ്ങളില്‍ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 

2022 ഫെബ്രുവരി ആറിനാണ് അമ്പലമുക്കില്‍ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീത കഴുത്തറത്ത് കൊല ചെയ്യപ്പെട്ടത്. 

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ പിടിയിലായത്.

തമിഴ്നാട്ടില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്. 

വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍റെ സ്വർണ മാലയ്ക്കു വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം നടത്തിയത്.

ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രന്‍ ചെടികള്‍ കാണിച്ചു കൊടുത്ത വിനീതയെ പിന്നില്‍ നിന്ന് പിടിച്ച്‌ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. 

തുടർന്ന് തമിഴ്‌നാട്ടിലെ കാവല്‍ കിണറിന് സമീപത്തെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11 ന് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ മാസം രണ്ടിന് കേസിന്‍റെ അന്തിമ വാദം പൂർത്തിയായിരുന്നു. കഴിഞ്ഞ 10 ന് പ്രതിക്കെതിരെ കുറ്റകരമായ വസ്തു കൈയ്യേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവ് നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങള്‍ക്ക് കുറ്റക്കാരനെന്ന് തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ചാണ് പ്രോസിക്യൂഷന്‍ കേസ് തെളിയിച്ചത്. 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. 

പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവുകള്‍, ഡിവിഡികള്‍ എന്നിവയും നൂറുകണക്കിന് രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

പശ്ചാത്താപം ഉണ്ടോ എന്ന് പ്രതി രാജേന്ദ്രനോട് കോടതി ചോദിച്ചപ്പോള്‍ ഒരു തെറ്റും ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. 

ഇവിടെ അല്ലെങ്കില്‍ ഉയർന്ന കോടതിയില്‍ നിരപരാധി ആണെന്ന് തെളിയുമെന്നും പ്രതി രാജേന്ദ്രൻ പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണമെങ്കില്‍ കോടതിക്ക് ശിക്ഷിക്കാമെന്നും പ്രതി കോടതിയോട് വ്യക്തമാക്കി.

കേസിലെ ഏക പ്രതിയാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം സ്വദേശി രാജേന്ദ്രൻ.

വളരെ പുതിയ വളരെ പഴയ