ആലപ്പുഴ: കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കണ്ണൂർ സ്വദേശിനി തസ്ലിമ സുല്‍ത്താന വമ്പൻ ലഹരി സംഘത്തിലെ കണ്ണിയെന്ന് റിപ്പോർട്ട്.
തമിഴ്, മലയാളം സിനിമകളില്‍ എക്സ്ട്രാ നടിയായി മുഖം കാണിച്ചിരുന്ന തസ്ലിമ സുല്‍ത്താന സിനിമാ മേഖലയിലുള്ളവർക്കും വിനോദ സഞ്ചാര മേഖലയിലുള്ളവർക്കുമാണ് ലഹരിമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്ക് സിനിമാ മേഖലയില്‍ ഉള്‍പ്പെടെ വൻതോക്കുകളുമായാണ് ബന്ധം.
തസ്ളിമ തമിഴ് സിനിമയില്‍ എക്സ്ട്രാ നടിയായി സജീവമായ തസ്ലീമ മലയാളം സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, മലയാളം, തമിഴ് ഉള്‍പ്പെടെ എട്ടോളം ഭാഷകള്‍ വശമുള്ള യുവതി സ്ക്രിപ്റ്റ് പരിഭാഷകയുമായി പ്രവർത്തിച്ചിരുന്നു. മലയാള സിനിമാക്കാരുമായി അടുത്തതോടെ കൊച്ചിയിലേക്ക് ചുവടു മാറ്റി.
മൂന്ന് മലയാളം സിനിമകളിലും മുഖം കാണിച്ച തസ്ലീമ തൃക്കാക്കര കേന്ദ്രീകരിച്ച് മസാജ് പാർലർ നടത്തിയിരുന്നു. മയക്കു മരുന്ന് നല്‍കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ വീണ്ടും തമിഴ്നാട്ടിലേക്ക് കളം മാറ്റി.
എന്നാല്‍ മംഗലാപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ലഹരി ഇടപാട് തുടർന്നു. ആലപ്പുഴയില്‍ പിടികൂടിയ കഞ്ചാവ് മുപ്പത് ലക്ഷം രൂപയ്ക്ക് കോഴിക്കോട് സ്വദേശിയാണ് കൈമാറിയത്.
ചൊവ്വാഴ്ച രാത്രിയിലാണ് തസ്ലീമയേയും സഹായിയായ യുവാവിനെയും എക്സൈസ് സംഘം വിദഗ്ദ്ധമായി വലയിലാക്കിയത്. തമിഴ്നാട് തിരുവള്ളൂർ ഉലക നാഥപുരം ഫോർത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന ക്രിസ്റ്റീനയെന്ന തസ്ലീമ സുല്‍ത്താൻ (41), ആലപ്പുഴ മണ്ണഞ്ചേരി മല്ലൻവെളിയില്‍ ഫിറോസ് (26) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി ഓമനപ്പുഴയിലെ റിസോർട്ടിന് സമീപം ഇരുവരും കാറില്‍ വന്നിറങ്ങിയപ്പോള്‍ തൊണ്ടി സഹിതം പിടികൂടുകയായിരുന്നു.
ഭർത്താവും രണ്ട് കൊച്ചു കുട്ടികളുമായി എറണാകുളത്തെത്തിയ തസ്ലിമ വാടകയ്ക്കെടുത്ത കാറില്‍ കുടുംബസമേതം മണ്ണഞ്ചേരിയിലെത്തി. ഭർത്താവിനെയും മക്കളെയും വഴിയില്‍ ഇറക്കിയ ശേഷം ഫിറോസിനെ കൂട്ടി രാത്രി പത്തരയോടെയാണ് റിസോർട്ടിലെത്തിയത്. ബാഗില്‍ മൂന്ന് പൊതികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
ഹൈബ്രിഡ് കഞ്ചാവിന്റെ നാലു പൊതികളായിരുന്നു ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. മണിക്കൂറുകളോളം ഉൻമാദം കിട്ടുന്ന കനാബി സിൻസിക്ക, കനാബി സറ്റീവ ഇനങ്ങളാണിവ. മെഡിക്കല്‍ ആവശ്യത്തിനായി തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലാണ് ഇതു നിർമിക്കുന്നത്.
ബെംഗളൂരു വഴിയാണ് ഇവർ ഇതു കൊണ്ടു വന്നത്. സാധാരണ കഞ്ചാവ് ഒരു ഗ്രാമിന് 500-1000 രൂപയാണെങ്കില്‍ ഇത് ഒരു ഗ്രാമിന്റെ വില 10,000 രൂപ വരും.
ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ഉള്‍പ്പെടെ പലർക്കും ലഹരി വസ്തുക്കള്‍ കൈമാറിയിട്ടുണ്ടെന്ന് തസ്ലീമ വെളിപ്പെടുത്തി. ഇവരുമായുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകളും തസ്ലീമയുടെ ഫോണില്‍ നിന്ന് ലഭിച്ചു.
ചോദ്യം ചെയ്യലില്‍ ഇവർ സിനിമാ മേഖലയില്‍ പ്രധാനപ്പെട്ട ചിലരുമായി ലഹരി വില്‍പന ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഓണ്‍ലൈൻ വഴിയാണ് ഇടപാട്. ആലപ്പുഴയില്‍ ടൂറിസം രംഗത്തെ ചിലർക്കു കൈമാറാനും ഉദ്ദേശിച്ചിരുന്നു.
ഓണ്‍ലൈൻ വഴി ഇടപാടും പണം കൈമാറ്റവും നടത്തിയശേഷം പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുന്നതാണു രീതി. നേരത്തേ, പറഞ്ഞുറപ്പിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കാൻ സഹായിക്കുന്ന ചുമതലയാണ് ഫിറോസിന്റേത്.
ഫിറോസ് ഇതിനു മുൻപും ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലില്‍ പറഞ്ഞു. വൻ ഇടപാടുകളേ ഏല്‍ക്കുകയുള്ളൂ. ഇയാള്‍ക്കെതിരെ നിലവില്‍ മറ്റ് കേസുകളില്ല
പിടിച്ച തോതനുസരിച്ച് 10 വർഷം വരെ ശിക്ഷ കിട്ടുന്നതാണെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ് കുമാർ പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അശോക് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. മധു, പ്രിവന്റീവ് ഓഫിസർമാരായ സി.പി.സാബു, എം.റെനി, ബി.അഭിലാഷ്, അരുണ്‍ അശോക്, സനല്‍ സിബി രാജ്, അസിസ്റ്റന്റ് ഇൻസ്പെക്സടർ കെ.ആർ.രാജീവ്, ജീന വില്യം എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.