കണ്ണൂർ: പൊലീസ് മുന്നറിയിപ്പ് നല്‍കുമ്പോഴും ജില്ലയില്‍ വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്. തട്ടിപ്പിനിരയായ നാലു പേർക്ക് നഷ്ടമായത് 47, 75,730 രൂപ.
പരാതിക്കാർ കണ്ണൂർ സൈബർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഓണ്‍ലൈനായി പാർട്ട് ടൈം ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന തട്ടിപ്പില്‍ കുരുങ്ങി യുവാവിന് 40 ലക്ഷം രൂപയോളമാണ് നഷ്ടമായത്. പാപ്പിനിശേരിയിലെ 27കാരനാണ് 39, 57,888 രൂപ നഷ്ടമായത്.
വാട്‌സ് ആപ്പില്‍ ഒരു പരസ്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ യുവാവിന് ടെലഗ്രാം ആപ്പില്‍ ലിങ്ക് അയച്ചു കൊടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്.
2025 ഫെബ്രുവരി 27 മുതല്‍ മാർച്ച് 25 വരെയുള്ള കാലയളവില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലായാണ് യുവാവ് പണം കൈമാറിയത്. തുടർന്ന് വാഗ്ദാനം ചെയ്ത ലാഭ വിഹിതവും നിക്ഷേപിച്ച തുകയും തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.
യൂട്യൂബില്‍ വലിയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓർഡർ ചെയ്തയാള്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ.
വീഡിയോയില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ ആധാർ കാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും, വീഡിയോയും നല്‍കി വിശ്വസിപ്പിക്കുകയായിരുന്നു. പണം ഗൂഗിള്‍ പേ വഴിയും അക്കൗണ്ട് വഴിയും നല്‍കി.
പിന്നീട് പശുക്കളെ വാഹനത്തില്‍ കയറ്റി അയക്കുന്ന ഫോട്ടോയും, വീഡിയോയും വാട്‌സാപ്പ് വഴി ലഭിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡെലിവെറി ലഭിക്കാതായപ്പോള്‍ ഫോണ്‍ വഴി ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പ് മനസിലായത്.
ഇൻസ്റ്റാഗ്രാമില്‍ ട്രേഡിംഗ് സംബന്ധമായ വീഡിയോ കണ്ട് വിവിധ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച താണ സ്വദേശിക്ക് 7,04,450 രൂപ നഷ്ടപ്പെട്ടു.
ടെലഗ്രാം ഇ-മെയില്‍ എന്നിവ വഴി പ്രതികളുടെ നിർദ്ദേശ പ്രകാരം വിവിധ അക്കൗണ്ടിലേക്ക് പണം നല്‍കിയ ശേഷം വെബ്‌സൈറ്റ് വഴി ട്രേഡ് ചെയ്യുകയും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത പ്രോഫിറ്റോ നല്‍കാതെ പരാതിക്കാരനെ ചതിക്കുകയായിരുന്നു.
ഓണ്‍ലൈൻ തട്ടിപ്പിനിനെതിരെ നിരന്തരം പൊലീസ് മുന്നറിയിപ്പ് നല്‍കുമ്പോഴും ആളുകള്‍ ബോധവാന്മാരാകുന്നില്ല.
ഓണ്‍ലൈൻ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം തുടങ്ങിയ തട്ടിപ്പുകളെ കുറിച്ച് പൊലീസ് നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും പലരും ഗൗരവത്തോടെ എടുക്കുന്നില്ല.
ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 1930 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കുകയോ, www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.