തളിപ്പറമ്പ്: 12 വയസുകാരിയെ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി ഷീജ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്നേഹ മെർലിൻ ആണ് കേസില്‍ പ്രതി. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്നേഹ മെർലിൻ 12 വയസ്സുകാരിയെ പല തവണ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
സ്വർണാഭരണങ്ങളും മൊബൈല്‍ ഫോണും നല്‍കിയാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനായി വശത്താക്കിയതെന്നാണ് ആരോപണം. പെണ്‍കുട്ടി സ്കൂളില്‍ കൊണ്ടു പോയ മൊബൈല്‍ ഫോണ്‍ ക്ലാസ് ടീച്ചർ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും സ്നേഹ മെർലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവില്‍ കണ്ണൂർ വനിതാ ജയിലില്‍ റിമാൻഡിലാണ് പ്രതി.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനായി ആദ്യം കണ്ണൂർ കോടതിയില്‍ ഹാജരാക്കിയെങ്കിലും വനിതാ മജിസ്‌ട്രേറ്റിനോട് മാത്രമേ കാര്യങ്ങള്‍ വെളിപ്പെടുത്താൻ കഴിയൂ എന്ന് പെണ്‍കുട്ടി അറിയിച്ചു. ഇതേത്തുടർന്ന് പൊലീസ് കുട്ടിയെ തിരികെ കൊണ്ടു പോവുകയായിരുന്നു.
പയ്യന്നൂർ മജിസ്‌ട്രേറ്റ് അവധിയിലായിരുന്നതിനാലാണ് അന്ന് കണ്ണൂരില്‍ ഹാജരാക്കിയത്. പിന്നീട്, കഴിഞ്ഞ ദിവസം പയ്യന്നൂർ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി മൊഴി നല്‍കി.
പൊലീസ് അതി ജീവിതയ്ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടി ബന്ധു വീട്ടിലാണ് താമസിക്കുന്നത്.