കണ്ണൂർ: എക്സൈസിനെതിരെ ഗുരുതര ആരോപണവുമായി കണ്ണൂരിലെ പറശ്ശിനിക്കടവിൽ എംഡിഎംഎയുമായി പിടിയിലായ നാലംഗ സംഘത്തിലെ ഒരു യുവതി രംഗത്ത്.
ഇരിക്കൂർ സ്വദേശി റഫീനയാണ് എക്സൈസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ പിടിച്ചതെന്നാണ് യുവതി പറയുന്നത്.
കള്ളക്കേസായതു കൊണ്ട് തന്നെ റിമാൻഡ് ചെയ്തില്ലെന്നും റഫീന വീഡിയോയില്‍ പറയുന്നു. കേസെടുക്കാതെ തന്നെ നാറ്റിക്കാനാണ് ഇവരുടെ പ്ലാനെന്നും യുവതി വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍, യുവതിയുടെ ആരോപണങ്ങളെ അപ്പാടെ തള്ളുകയാണ് എക്സൈസ്. റഫീനയെ അറസ്റ്റ് ചെയ്തത് ലഹരി ഉപയോഗിച്ചതിന്റെ പേരിലാണെന്ന് എക്സൈസ് വ്യക്തമാക്കുന്നു.
പിടിയിലാകുമ്പോള്‍ റഫീന ലഹരി ഉപയോഗിച്ചിരുന്നു. റഫീന ഉള്‍പ്പെടെ ഉള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ലഹരി ഉപയോഗിച്ചെന്ന് യുവതി തന്നെ മൊഴി നല്‍കിയിട്ടുണ്ട്. കുറഞ്ഞ അളവിലായതു കൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തില്‍ വിട്ടതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റഫീന വിഡിയോയില്‍ പറഞ്ഞത്:
''എന്റെ പേരില്‍ കേസെടുക്കാതെ ചാനലുകളില്‍ വിഡിയോ ഇട്ടിട്ട് കാര്യമില്ല. കൈക്കൂലി വാങ്ങിക്കുന്നവർക്ക് സർക്കാർ എന്തിനാണ് ജോലി കൊടുക്കുന്നതെന്നൊന്നും എനിക്ക് അറിയില്ല.
എന്തായാലും എന്റെ പേരില്‍ ഒരു കേസുമില്ല. കുറേ പേർ കമന്റ് ഇട്ടിട്ടുണ്ട് ഞാൻ ജയിലാണ് എന്നൊക്കെ. എനിക്ക് ആരേം ഫെയ്സ് ചെയ്യാൻ മടിയില്ല, കാരണം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.
ഞാൻ എന്റെ വീട്ടില്‍ തന്നെയുണ്ട്, എങ്ങും പോയിട്ടില്ല. എന്നെ പൊലീസുകാര് പിടിച്ചിട്ടില്ല. ആ ഫോട്ടോ വന്നത് അവര് കരുതിക്കൂട്ടി ഒറ്റിക്കൊടുത്തിട്ട് വന്നതാണ്.
വിഡിയോയും ഫോട്ടോയും വന്നുവെന്ന് കരുതി എനിക്ക് ആരെയും അഭിമുഖികരിക്കാൻ ഒരു പേടിയുമില്ല. കാരണം ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം ഞാൻ പേടിക്കേണ്ട കാര്യമുള്ളു. ഞാൻ തെറ്റ് ചെയ്യാത്തിടത്തോളം ഒരാളെയും പേടിക്കേണ്ട കാര്യമില്ല.
എന്റെ കുടുംബക്കാരും നാട്ടുകാരുമൊക്കെ ആ വിഡിയോ കണ്ടു. എല്ലാവരും ഷെയർ ചെയ്യുന്നുണ്ട്. എന്നെ എംഡിഎംഎയുമായി പിടിച്ചിട്ടുണ്ടെങ്കില്‍ എന്നെ എന്തുകൊണ്ട് 14 ദിവസം റിമാൻഡ് ചെയ്തില്ല, എനിക്കെതിരെ കേസെടുത്തില്ല. കേസെടുക്കാതെ എന്നെ നാറ്റിക്കാനാണ് ഇവരുടെ പ്ലാൻ.
ഇതിന്റെ സത്യം അറിയും വരെ ഞാൻ ഇതിന്റെ പിറകില്‍ തന്നെ നടക്കും. എന്തു തന്നെ വന്നാലും എക്സൈസുകാരല്ല ആരു തന്നെ ആണ് ഇതിന്റെ പിന്നിലെങ്കിലും ഞാൻ ഇതിന്റെ പിറകില്‍ തന്നെ ഉണ്ടാകും.
ലോഡ്ജ് എന്നാണ് ഇവര് പറയുന്നത്. ധർമ്മശാലയിലുള്ള പൊളാരിഷ് എന്നു പറഞ്ഞ റൂമാണ് അത്.
ആ റൂമിന്റെ പേരു പോലും പറയാൻ ഇവർക്ക് പേടിയാണ്. ആ റൂമില്‍ എക്സൈസുകാരു വരുന്ന സമയത്ത് സിസിടിവി മുഴുവൻ ഓഫായി, എന്തിനാ അത് ഓഫാക്കിയത്.
എക്സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു.
എന്നെ ജയിലില്‍ കൊണ്ടു പോയാല്‍ അവരുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട്. അതുകൊണ്ടാണ് അവർ എന്നെ ഒന്നും ചെയ്യാത്തത്. ഇവർക്ക് വേണ്ടത് എന്നെ പരമാവധി നാറ്റിക്കുകയാണ്.
എന്റെ ഭാഗത്ത് തെറ്റില്ലാത്തതു കൊണ്ട് എനിക്ക് പേടിക്കേണ്ട കാര്യമില്ല. എൻറെ കമൻറില്‍ വന്ന് ഇനി ആരും ജയിലിലാണോ അതോ വേറെ എവിടെയെങ്കിലുമാണോ എന്ന് ചോദിക്കേണ്ടതില്ല.''
പിടിയിലായത് രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലു പേർ
ദിവസങ്ങളായി വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്ന സംഘമാണ് പിടിയിലായതെന്നാണ് തളിപ്പറമ്പ് എക്സൈസ് വ്യക്തമാക്കുന്നത്.
വീട്ടുകാരെ അതി വിദഗ്ധമായി കബളിപ്പിച്ചാണ് യുവതികള്‍ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ലോഡ്ജുകളില്‍ ലഹരിയിലാറാടിയത്.
ഇരിക്കൂർ സ്വദേശിനി റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22), മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍ (37) എന്നിവരാണ് രാസ ലഹരിയുമായി പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ഇതുപയോഗിക്കാനുള്ള ട്യൂബുകളും ലാമ്പുകളും പിടികൂടി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെടുന്നത്.
പിടിയിലായ റഫീന മോഡലിങ് രംഗത്തുമുണ്ട്. യുവാക്കളില്‍ ഒരാള്‍ പ്രവാസിയും മറ്റൊരാള്‍ നിർമാണ മേഖലയില്‍ തൊഴിലെടുക്കുന്നയാളുമാണ്.
തളിപ്പറമ്പ് എക്സൈസിന് കിട്ടില രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം പിടിയിലായത്.
ലഹരി ഉപയോഗത്തിനായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇവർ ലോഡ്ജിലെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. പറശ്ശിനിക്കടവിലും കോള്‍മൊട്ടയിലും ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്.
പെരുന്നാള്‍ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ യുവതികള്‍ വീട്ടുകാരെ തന്ത്രപൂർവ്വം പറ്റിക്കുകയായിരുന്നുവെന്ന് എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തി.
വീട്ടില്‍ നിന്ന് വിളിക്കുമ്പോഴെല്ലാം ഫോണ്‍ പരസ്പരം കൈമാറി റഫീനയും ജസീനയും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എക്സൈസ് പറയുന്നത്.
എക്സൈസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവർ കബളിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാരും അറിയുന്നത്.
ഇരുവരുടെയും വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ വിളിക്കുമ്പോള്‍ കൂട്ടുകാരിയുടെ വീട്ടിലെന്നായിരുന്നു യുവതികള്‍ പറഞ്ഞിരുന്നത്. ഇത് വിശ്വസിപ്പിക്കാനായി ഇവർ പരസ്പരം ഫോണ്‍ കൈമാറി മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.
കൂട്ടുകാരിയെ കൊണ്ട് സംസാരിപ്പിച്ച് അവളുടെ വീട്ടിലാണെന്ന് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്.
എക്സൈസ് ഉദ്യോഗസ്ഥർ വിളിച്ചറിയിക്കുമ്പോഴാണ് ഇവർ ലോഡ്ജില്‍ ആയിരുന്നു താമസമെന്ന് ഇരു വീട്ടുകാരും അറിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ലഹരി സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം.