കണ്ണൂർ: മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളുമായി ഓണ്‍ലൈൻ ഗെയിം തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതി കണ്ണൂരില്‍ പിടിയിലായി.
ആന്ധ്രപ്രദേശ് മണ്ഡവല്ലി സ്വദേശി സത്യരാജ് വെടുകുറി (25)യെ ആണ് റെയില്‍വേ ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
41 മൊബൈല്‍ ഫോണുകളും 2 ലാപ് ടോപ്പും 4 എക്സ്റ്റൻഷൻ വയർ ,7 മൊബൈല്‍ ചാർജറുകളും പ്രതിയുടെ ട്രോളി ബാഗില്‍ നിന്ന് പിടിച്ചെടുത്തു.
ചൊവ്വാഴ്ച്ച ബാംഗ്ലൂർ- കണ്ണൂർ എക്സ്പ്രസില്‍ വച്ചാണ് പ്രതി പിടിയിലായത്. റെയില്‍വേ പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും പരിശോധനക്കുണ്ടായിരുന്നു.
തുടർന്ന് സ്ക്വാഡ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഓണ്‍ലൈൻ ഗെയിം ചൂതാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പില്‍ പങ്കാളിയാണെന്ന് മനസിലായത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടൻ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
റെയില്‍വേ എസ്‌ഐ വിജേഷ്, ഡാൻസാഫ് എസ്‌ഐ സത്യൻ, ജോസ്, അഖിലേഷ്, നിജില്‍, സംഗീത് തുടങ്ങിയവരും പ്രതിയെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.