Zygo-Ad

വിളിച്ചിട്ടും ഉണര്‍ന്നില്ല, പരിശോധിച്ചു നോക്കിയപ്പോള്‍ ജീവനില്ല; വിമാന യാത്രയിലുണ്ടായിരുന്ന 19 ചങ്ങാതിമാരെ വിട്ട് കണ്ണൂർ സ്വദേശി മരണത്തിന്റെ വഴിയിലേക്ക്


കണ്ണൂർ: വിനോദ യാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ ആകാശത്തുണ്ടായ നെഞ്ചു പിടച്ചലില്‍ ചങ്ങാതി കുഴഞ്ഞു വീഴുമ്പോള്‍ ആശ്വാസ തീരം തൊടാൻ അവർക്കായില്ല. 

 പ്രാരാബ്ദങ്ങളിൽ ജീവിതം തുഴയുന്നവർ, കടലിലെ കോളിളക്കങ്ങളെ ഏറെയും ഒന്നിച്ചു താണ്ടി കരതൊട്ടവരാണവർ.

കണ്ണൂർ മൈതാനപ്പള്ളിയിലെ 'ശിവസേന കുട്ടിച്ചാത്തൻ' വലക്കാർ കൂട്ടായ്മയിലെ സി.പി.ജയൻ (72) ആണ് കൂടെ വിമാന യാത്രയിലുണ്ടായിരുന്ന 19 ചങ്ങാതിമാരെ വിട്ട് മരണത്തിന്റെ വഴിയിലേക്ക് പോയത്.

അയോധ്യ കണ്ട് മടങ്ങവെയാണ് ആകാശത്തു വെച്ച്‌ ജയനെ മരണം തട്ടിയെടുത്തത്. സീറ്റില്‍ ഇരിക്കുന്നതിനിടെ വിളിച്ചിട്ട് ഉണരുന്നില്ലെന്ന് തിരിച്ചറിഞ്ഞ കൂട്ടുകാർ എയർ ഹോസ്റ്റസിനെ വിവരമറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ സഹായ സന്നദ്ധനായി ഉടൻ എത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു.

വിമാനം അടിയന്തരമായി ഭോപാല്‍ വിമാനത്താവളത്തില്‍ ഇറക്കി. അവിടത്തെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തില്‍ മൃതദേഹമെത്തിച്ചു. 

തുടർന്ന് മൈതാനപ്പള്ളിയിലെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടോടെയെത്തിച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേർ അന്ത്യാഞ്ജലിയർപ്പിച്ചു. 

വൈകിട്ട് അരയ സമാജത്തിന്റെ ശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: ബേബി. മക്കള്‍: സന്ധ്യ, സന്ദീപ് (ഗള്‍ഫ്). മരുമക്കള്‍: ശൈലേഷ്, ഐശ്വര്യ.

വളരെ പുതിയ വളരെ പഴയ