Zygo-Ad

കണ്ണൂരിലെ പാര്‍സല്‍ ഓഫീസില്‍ നിന്ന് വൻ പടക്കശേഖരം പിടികൂടി; 94 ബോക്സ് ഉഗ്രശേഷിയുള്ള പടക്കങ്ങള്‍: എത്തിച്ചത് ഓണ്‍ലൈനായി


കണ്ണൂർ: സ്വകാര്യ പാർസല്‍ ഓഫീസില്‍ നിന്ന് ഓണ്‍ലൈനായി എത്തിച്ച ഉഗ്ര ശേഷിയുള്ള പടക്കം പൊലീസ് പിടികൂടി. പാർസല്‍ ഏജന്റ് അബ്ദുല്‍ ജലീലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നഗരത്തില്‍ ആറാട്ട് റോഡിലെ ജല്ലു ട്രാവല്‍സ് ആൻഡ് പാർസല്‍ ഓഫീസില്‍ നിന്നാണ് 94 ബോക്സ് പടക്കം പിടിച്ചെടുത്തത്.

ശിവകാശിയില്‍ നിന്നാണ് ഇവ ലോറികളില്‍ എത്തിച്ചത്. ലൈസൻസുള്ള പടക്ക വില്‍പ്പനക്കാരുടെ അസോസിയേഷന്റെ പരാതിയിലാണ് ഇവ പിടിച്ചെടുത്തതെന്നാണ് സൂചന. 

കാർഡ്ബോർഡ് പെട്ടികളിലാക്കി വിവിധ തരത്തിലുള്ള പടക്കങ്ങളാണ് പിടിച്ചെടുത്തവയില്‍ ഭൂരിഭാഗവും. നിരവധിയാളുകളുടെ പേരില്‍ ശിവകാശിയില്‍ നിന്ന് വാങ്ങിയ പടക്കങ്ങളാണ് ഇവയെന്ന് സംശയിക്കുന്നു.

ലൈസൻസില്ലാതെ വലിയ അളവില്‍ പടക്കം കൈവശം വച്ചതിന് ജല്ലു എന്ന സ്ഥാ പനത്തിനെതിരെ കേസെടുക്കും. ബോംബ് സ്‌ക്വാഡും എത്തിയിരുന്നു. 

പടക്കം ഓണ്‍ലൈനായി വില്‍പന നടത്താൻ പാടില്ലായെന്ന് 2018ല്‍ സുപ്രീം കോടതി ഉത്തരവുണ്ട്. അതിന്റെ ലംഘനമാണ് നടന്നിട്ടുള്ളത്. 

സുരക്ഷാ മാനദണ്ഡം പാലിക്കാതെ ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം പാർസല്‍ ചെയ്താണ് കണ്ണൂരില്‍ വരുന്ന ലോറികളില്‍ ഇവ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പുറമെ വില കുറച്ച്‌ കാട്ടി ജി.എസ്.ടി വെട്ടിച്ചതിന് ജി.എസ്.ടി വിഭാഗവും അന്വേഷണം നടത്തും.

കണ്ണൂരില്‍ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പടക്കം വില്‍ക്കുന്ന കടകള്‍ പ്രത്യേകം നിരീക്ഷിക്കാനും ലൈസൻസില്ലാത്ത കടകള്‍ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പിക്കാനും ഡി.ഐ.ജി നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. 

പെരുന്നാള്‍, വിഷു എന്നിവ ലക്ഷ്യമാക്കിയാണ് അനധികൃതമായി പടക്കങ്ങള്‍ നാട്ടിലെത്തിക്കുന്നത്.

വളരെ പുതിയ വളരെ പഴയ