Zygo-Ad

തളിപ്പറമ്പില്‍ സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന യുവാവില്‍ നിന്ന് മൂന്നേകാല്‍ കോടി തട്ടിയ സംഭവം; ഒരാള്‍ കൂടി പിടിയില്‍


തളിപ്പറമ്പ് : സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന പാളിയത്ത്‌ വളപ്പ് സ്വദേശിയെ ഭീഷണിപ്പെടുത്തി മൂന്നേ കാല്‍ കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി.

രാജസ്ഥാൻ ജെയ്‌പൂർ തിരുപ്പതി ബാലാജിനഗർ സ്വദേശി ഭവ്യ ബെൻസ്വാളിനെയാണ് (20) കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എ സ്.പി കീർത്തി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്. രാജസ്ഥാനില്‍ വെച്ച്‌ പിടികൂടിയ ഇയാളെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചു.

ഡി.വൈ.എസ്.പി. പ്രദീപൻ കണ്ണിപൊയ്യില്‍ ചോദ്യം ചെയ്‌ത ശേഷം പ്രതിയെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

പാളിയത്തു വളപ്പിലെ കാരോത്തു വളപ്പില്‍ ഭാർഗവനെ (74) തട്ടിപ്പിന് ഇരയാക്കിയ കേസാണിത്. ആദ്യം മുംബൈ ടെലിഫോണ്‍സിലെ ഉദ്യോഗനാണെന്നു പറഞ്ഞ് ഒരാള്‍ ഭാർഗവനെ ഫോണില്‍ ബന്ധപ്പെട്ടു.

ഗള്‍ഫിലായിരുന്നവൻ്റെ ആധാർ കാർഡ് ഉപയോഗിച്ച്‌ മറ്റൊരാള്‍ സിം കാർഡ് എടുക്കുകയും അതുപയോഗിച്ച്‌ ഓണ്‍ലൈൻ തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നു പറഞ്ഞായിരുന്നു ബന്ധപ്പെട്ടത്. 

ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങിയ കുടുംബം ആത്മഹത്യ ചെയ്തുവെന്നും അതിനാല്‍ നിങ്ങളും കേസില്‍ പ്രതിയാകുമെന്നും ഭാർഗവനെ ഭീഷണിപ്പെടുത്തി. പിന്നീട് മുംബൈ പോലീസില്‍ നിന്നാണെന്നും സി.ബി.ഐ യില്‍ നിന്നാണെന്നും പറഞ്ഞ് മറ്റു ചിലരും വിളിച്ച്‌ ഇതേ കാര്യം ആവർത്തിച്ചു.

ഭാർഗവന്റെ വിദേശത്ത് ജോലി ചെയ്യുന്ന മകള്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നും രക്ഷപ്പെടണമെങ്കില്‍ പണം നല്‍കണമെന്നും

ആവശ്യപ്പെട്ടു. പേടിച്ചു പോയ ഭാർഗവനും ഭാര്യയും സി.ബി.ഐ ഉദ്യോഗസ്ഥനെന്നു പറഞ്ഞയാള്‍ നല്‍കിയ അക്കൗണ്ട് നമ്പറില്‍ പണം അയക്കുകയായിരുന്നു. പിന്നീടാണ് തട്ടിപ്പാണെന്ന് ബോധ്യമായത്.

വൻ തട്ടിപ്പായതിനാല്‍ പോലീസ് മേധാവി അനൂജ് പലിവാലിൻ്റെ നിർദേശപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. 

കേസില്‍ നേരത്തെ താമരശേരി സ്വദേശി എം.പി ഫഹ്‌മി ജവാദ് (22), ഗുരുവായൂർ മൂലശേരി തൈക്കാ ട്ടില്‍ ടി.ഡി ഡെന്നീസ് (28) എന്നിവർ പിടിയിലായിരുന്നു.

നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്‌തത്. അതില്‍ 3,10,000 രൂപ ഭവ്യ ബെൻസ്വാളിന്റെ അക്കൗണ്ടിലാണ് എത്തിയതെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. 

11 പേരാണ് കേസില്‍ പ്രതികള്‍. ഇനി എട്ടു പേരെ പിടികിട്ടാനുണ്ട്. എസ്. ഐമാരായ അശോകൻ, മനോജ്‌ കുമാർ, എ.എസ്.ഐ: സതീശൻ, സീനിയർ സി.പി.ഒ: വിനോദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ