Zygo-Ad

മമ്പാട് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്: ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

 


മലപ്പുറം: മലപ്പുറം മമ്പാട് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനു നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.

നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയാണ് ആക്രമണം. മുഹമ്മദാലി ബൈക്കില്‍ പോകുന്നതിനിടെ പുലി ചാടി വീഴുകയായിരുന്നു. 

പുലിയുടെ നഖം കാലില്‍ കൊണ്ടാണ് പരിക്കേറ്റത്. മറ്റു ശരീര ഭാഗങ്ങളില്‍ പുലിയുടെ ആക്രമണം ഏല്‍ക്കാത്തതിനാല്‍ തലനാരിഴക്കാണ് മുഹമ്മദാലി രക്ഷപ്പെട്ടത്. പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലതു കാലിലാണ് പുലിയുടെ നഖം കൊണ്ട് പരിക്കേറ്റത്. ആക്രമണത്തില്‍ മുഹമ്മദാലി ധരിച്ചിരുന്ന വസ്ത്രമടക്കം കീറി. ഉപ്പയുടെ മുകളിലേക്ക് പുലി ചാടി വീഴുകയായിരുന്നുവെന്ന് മുഹമ്മദാലിയുടെ മകൻ മുഹമ്മദ് റാഫി പറഞ്ഞു. 

സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്ത് പോയപ്പോഴാണ് സംഭവം. പുലി ചാടി വീണതോടെ ഉപ്പ വണ്ടിയില്‍ നിന്ന് വീണു. പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രിയിലാണെന്നും മകൻ മുഹമ്മദ് റാഫി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ