വേനല്‍ കാലം നേരത്തെ എത്തിയെങ്കിലും സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാരും വൈദ്യുതിയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു .
ചൂട് കാലത്ത് വൈദ്യുതി ഉപയോഗം ഉയരുമ്ബോള്‍ കെ.എസ്.ഇ.ബി പ്രതിസന്ധിയിലാകാറുണ്ട്. എന്നാല്‍ ഇത്തവണ ആശങ്കയില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കുന്നു. തൊട്ടിയാർ ജലവൈദ്യുതി പദ്ധതിയും പള്ളിവാസല്‍ പദ്ധതിയും മുൻനിർത്തിയാണ് മന്ത്രിയുടെ വാക്കുകള്‍. പള്ളിവാസല്‍ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തില്‍ തന്നെ ആറ് കോടിയുടെ വൈദ്യൂതി ഉല്പാദിപ്പിച്ചെന്ന് കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി. തൊട്ടിയാർ ജല വൈദ്യുതി പദ്ധതി നാല്‍പ്പത് മെഗാവാട്ട് ശേഷിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൈമാറ്റ കരാർ പ്രകാരം വലിയ തോതില്‍ വൈദ്യുതി ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട് .ഇതോടെ ലോഡ് ഷെഡിങ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലേക്ക് പോകേണ്ടി വരില്ല എന്ന വിലയിരുത്തലിലാണ് കെഎസ്‌ഇബി .ഇത്തവണ വേനല്‍ നേരത്തെ എത്തിയതോടെ മാർച്ച് മാസം ആദ്യം തന്നെ വൈദ്യുതി ഉപയോഗം 100 ദശ ലക്ഷം യൂണിറ്റിനോട് അടുപ്പിച്ച് എത്തിയതായാണ് കണക്ക് .