ഫ്ലക്സ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാർട്ടികൾ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുകയാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കുടി വരുമ്പോൾ കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.
പാതയോരങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും അനധികൃതമായി ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കൊല്ലം നഗരം മുഴുവൻ ബോർഡുകളാണെന്ന ഇരുനൂറോളം പരാതികൾ കോടതിക്കു കിട്ടിയെങ്കിലും ഭയംമൂലം പേരു വെളിപ്പെടുത്തരുതെന്നാണ് പരാതിക്കാരുടെ അഭ്യർത്ഥന. ഇവരിൽ ഡോക്ടർമാരും അഭിഭാഷകരുമുണ്ട്. ബോർഡുകൾ ഒഴിവായപ്പോൾ തിരുവനന്തപുരം,കൊച്ചി നഗരങ്ങൾ വൃത്തിയായി. പേരിനും പെരുമയ്ക്കുമായി ബോർഡുകൾ സ്ഥാപിക്കുന്നവർ പതിറ്റാണ്ടുകൾ പിന്നിലാണ്. ബോർഡുകൾ നോക്കിയല്ല ജനങ്ങൾ കാര്യങ്ങൾ മനസിലാക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ഈ സംസ്കാരമില്ലെന്നും കോടതി പറഞ്ഞു.പാലിക്കപ്പെടാനുള്ളതല്ല നിയമങ്ങൾ എന്ന സന്ദേശമാണ് മുതിർന്നവർ നൽകുന്നത്. രാഷ്ട്രീയക്കാരെ പേടിച്ച് ഹൈക്കോടതി ഉത്തരവുകൾ നടപ്പാക്കാൻ ഭരണനിർവഹണ സംവിധാനം മടിക്കുമ്പോൾ സമൂഹത്തിന് എങ്ങനെ നീതിലഭിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സിഗ്നലുകളും മുന്നറിയിപ്പ് ബോർഡുകളും മറയ്ക്കുന്ന അനധികൃത ബോർഡുകൾ റോഡപകടങ്ങൾക്കു കാരണമാകുമെന്ന് മനസ്സിലാക്കി നിയമലംഘനങ്ങൾ തുടരുന്നത് ധാർഷ്ട്യമാണ്. കോടതി പേടിയില്ലെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് ഹീറോയിസമെന്ന് പ്രമുഖ രാഷ്ട്രീയ കക്ഷികൾ കരുതുന്നത്. എന്തും ചെയ്യാമെന്നുള്ള നിയമം പാസാക്കിയാൽ കോടതി പ്രതികരിക്കാതിരിക്കാം. സർക്കാർ അറിയിച്ചാൽ ഉത്തരവുകളെല്ലാം പിൻവലിക്കാം. ഗതികേടിലായ പൊതുജനം രാഷ്ട്രീയക്കാരെ ഭയന്ന് മൗനം പാലിക്കുമ്പോൾ ജനാധിപത്യം ഇല്ലാതാകുന്നുവെന്നും കോടതി പറഞ്ഞു.