കണ്ണൂർ : ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും മാര്‍ച്ച് 20നകം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കണമെന്ന് മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് തീരുമാനം. 25നകം ബ്ലോക്ക്, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രഖ്യാപനം ഉണ്ടാകണം. മാര്‍ച്ച് 30നകം ജില്ലാതല പ്രഖ്യാപനം നടത്തുവാനും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി. ജെ അരുണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ക്യാമ്പയിന്‍ നടത്തിപ്പില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തും. ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ജനപ്രതിനിധികളും സെക്രട്ടറിമാരുമായി മീറ്റിംഗ് നടത്തുകയും ചെയ്യും. മാലിന്യമുക്ത പ്രഖ്യാപനത്തിന് മുമ്പ് തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പയിനിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.
പയ്യാമ്പലത്ത് മാലിന്യം തള്ളുന്നത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് കത്ത് നല്‍കും. കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്ലീന്‍ കേരള കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എസ്.ജെ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി സുഭാഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, കുടുംബശ്രീ ഡി.പി.എം ജിബിന്‍ സ്‌കറിയ, ജില്ലാ പ്ലാനിങ് ഓഫീസ് റിസേര്‍ച്ച് ഓഫീസര്‍ നിഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.