ചെന്നൈ: റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ചെന്നൈയില്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച നടനും രാഷ്‌ട്രീയ നേതാവുമായ വിജയ്.
വെള്ളിയാഴ്ച ചെന്നൈയില്‍ റോയല്‍പ്പേട്ടയിലെ വൈ.എം.സി.എ ഗ്രൗണ്ടില്‍ തമിഴക വെട്രി കഴകം പാർട്ടിയാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.
തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാപകനും മേധാവിയുമായ അദ്ദേഹം മുസ്ലിം സഹോദരങ്ങള്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുക്കുന്ന ദൃശ്യം ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെളുത്ത വസ്ത്രവും തൊപ്പിയും ധരിച്ചാണ് വിജയ് പരിപാടിയില്‍ പങ്കെടുത്തത്.
ഒരു ദിവസം പൂർണമായും ഉപവാസം സ്വീകരിച്ചാണ് വിജയ് ഇഫ്താർ വിരുന്നില്‍ പങ്കെടുത്തത്.
3000ലേറെ ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ 15 പള്ളികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സാധാരണക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്ക് വിരുന്നൊരുക്കുകയും ചെയ്തു.
2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാൻ ഒരുങ്ങുകയാണ് വിജയ്. എ.ഐ.എ.ഡി.എം.കെയുമായി സഖ്യം ചേരാതെ സ്വതന്ത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു.
ദളപതിയുടെ അവസാന ചിത്രം 'ജന നായകൻ' റിലീസിനൊരുങ്ങുകയാണ്. കരിയറിലെ മികച്ച ഉയരത്തിലെത്തി നില്‍ക്കുമ്പോഴാണ് താരം സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.