മൈസുരു: കുടക് ജില്ലാ ജയിലിലെ വിചാരണത്തടവുകാരന് ടൂത്ത് പേസ്റ്റ് ട്യൂബില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് എത്തിച്ചെന്ന കേസില്‍ കണ്ണൂർ സ്വദേശി സുരഭില്‍ (26) അറസ്റ്റിലായി.
മടിക്കേരി റൂറല്‍ പോലീസാണ് ഇയാളെ പിടികൂടിയത്. സുരഭിലില്‍ നിന്ന് 24 ഗ്രാം മയക്കുമരുന്നും മയക്കുമരുന്ന് ഒളിപ്പിക്കാൻ ഉപയോഗിച്ച ടൂത്ത് പേസ്റ്റ് ട്യൂബും പോലീസ് കണ്ടെടുത്തു.
വിചാരണത്തടവുകാരനായ സനത്തിൻ്റെ സഹോദരനാണെന്ന് അവകാശപ്പെട്ടാണ് സുരഭില്‍ ജയിലിലെത്തിയത്. സനത്തിനെ കാണാൻ അനുമതി നേടിയ ശേഷം ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സോപ്പ്, ഷാംപൂ തുടങ്ങിയ ദൈനംദിന ഉപയോഗ സാധനങ്ങള്‍ നല്‍കി.
ജയില്‍ സൂപ്രണ്ട് സഞ്ജയ് ജട്ടി ഈ സാധനങ്ങള്‍ പരിശോധിച്ചപ്പോഴാണ് ടൂത്ത് പേസ്റ്റ് ട്യൂബില്‍ സംശയം തോന്നിയത്. ടൂത്ത് പേസ്റ്റിന് പകരം കറുത്ത നിറത്തിലുള്ള പദാർത്ഥം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഇത് മയക്കുമരുന്നാണെന്ന് കണ്ടെത്തി.
തുടർന്ന് മടിക്കേരി റൂറല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സുരഭിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.