Zygo-Ad

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണമായും തകര്‍ന്നു


കാസര്‍ഗോഡ്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണമായും തകര്‍ന്നു. പണവും സ്വര്‍ണവും അടക്കം കത്തി നശിച്ചു.

വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിക്കോല്‍ ബേത്തലത്തെ കര്‍ഷകനായ സന്ദീപ്‌രാജിന്‍റെ ഓടിട്ട വീടാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. 

സന്ദീപ് രാജും മകന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ഋത്വികുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും ഉച്ചഭക്ഷണം കഴിച്ച ശേഷം ടിവി കാണുകയായിരുന്നു. 

പെട്ടെന്ന് അടുക്കളയില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് നോക്കിയപ്പോഴാണ് സിലിണ്ടറുമായി പൈപ്പ് കണക്‌ട് ചെയ്ത ഭാഗത്തിനു തീപിടിച്ചത് കണ്ടത്. ഉടന്‍ തന്നെ ഇരുവരും പുറത്തേക്കോടി. തൊട്ടു പിന്നാലെയുണ്ടായ സ്‌ഫോടനത്തില്‍ വീട് ഉപയോഗിക്കാന്‍ കഴിയാത്തവിധം പൂര്‍ണമായും തകര്‍ന്നു.

ഉടുത്തിരിക്കുന്ന വസ്ത്രങ്ങള്‍ ഒഴികെ എല്ലാം തീപിടിത്തത്തില്‍ കത്തിയെരിഞ്ഞതായി സന്ദീപ്‌രാജ് പറയുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴല്‍ കിണര്‍ കുഴിച്ചിരുന്നു. ഇവര്‍ക്ക് നല്‍കാന്‍ വച്ചിരുന്ന പണത്തില്‍ ഒരുഭാഗം തീപിടിത്തത്തില്‍ കത്തിയെരിഞ്ഞു. ആഭരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

ഗൃഹോപകരണങ്ങളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പാത്രങ്ങളും ഷെല്‍ഫുകളും വസ്ത്രങ്ങളുമെല്ലാം പൂര്‍ണമായും കത്തി നശിച്ചു. വീടിന്‍റെ മേല്‍ക്കൂരയും ചുവരുകളുമെല്ലാം നിലംപൊത്തി.'-സന്ദീപ് പറഞ്ഞു.

വീടിനകത്ത് മൂന്നു ക്വിന്‍റല്‍ റബര്‍ ഷീറ്റുകള്‍ സൂക്ഷിച്ചിരുന്നു. ഇതിന് തീപിടിച്ചത് ദുരന്തത്തിന്‍റെ ആഴം വര്‍ധിപ്പിച്ചു. അതേ

സമയം കുന്നിൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് ഇടുങ്ങിയ വഴിയായതിനാല്‍ കുറ്റിക്കോലില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘത്തിന്‍റെ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.

ഇവിടേക്ക് ഫയര്‍ഫോഴ്‌സ് വാഹനം എത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ ഫ്‌ളോട്ടിംഗ് മെഷീന്‍ മറ്റൊരു വാഹനത്തിലെത്തിക്കുകയും ഇത് കുളത്തില്‍ സ്ഥാപിച്ച്‌ ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് തീയണയ്ക്കാന്‍ തുടങ്ങിയത്. 

ഫയര്‍ഫോഴ്‌സ് മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂര്‍ണമായും കെടുത്തിയത്. സംഭവ സമയം സന്ദീപിന്‍റെ ഭാര്യ തയ്യല്‍ ജോലിക്കാരിയായ ഉഷ ബന്തടുക്കയിലെ ജോലി സ്ഥലത്തും ഇളയമകള്‍ സ്‌കൂളിലുമായിരുന്നു.

വളരെ പുതിയ വളരെ പഴയ