കണ്ണൂർ: ആശുപത്രിയിലേക്ക് വന്ന യുവാവ് കവാടത്തിന് മുന്നില്‍ കുഴഞ്ഞു വീണതിനെ തുടർന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും മരണപ്പെട്ടു.
നെല്ലിക്കുന്ന് ബീച്ചിലെ ജി കൃഷ്ണന്റെ മകനും മീൻ തൊഴിലാളിലയുമായ കെ അനീഷ് (38) ആണ് മരിച്ചത്. അജ്ഞാതനാണെന്ന് കരുതി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് യുവാവിനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പൊലീസിനെ സമീപിച്ചത്.
രണ്ടു ദിവസത്തെ തിരച്ചിലിന് ഒടുവിലാണ്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത് അനീഷ് ആണെന്ന് തിരിച്ചറിയുന്നത്. 10ന് രാവിലെ 11 മണിക്കും 12 മണിക്കും ഇടയില്‍ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഡോക്ടറെ കാണാൻ എത്തിയതായിരുന്നു യുവാവ്. ആശുപത്രിയുടെ കവാടത്തില്‍ കുഴഞ്ഞു വീണ യുവാവിന്റെ ഞെറ്റി പൊട്ടിയിരുന്നു.
ആശുപത്രിയില്‍ എത്തിയവരും അധികൃതരും ചേർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിന്റെ മുറിവ് തുന്നിക്കെട്ടിയെങ്കിലും അബോധാവസ്ഥയില്‍ ആയിരുന്നതിനാല്‍ കണ്ണൂരിലേക്ക് 108 ആംബുലൻസില്‍ മാറ്റുകയായിരുന്നു.
25 വയസുള്ള അജ്ഞാതനായ ആള്‍ എന്നാണ് ആശുപത്രി രേഖയില്‍ കാണിച്ചിട്ടുള്ളത്. കണ്ണൂർ മെഡികല്‍ കോളജില്‍ ന്യൂറോ സർജൻ ഇല്ലാത്തതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റിയെന്നും അവിടെ വച്ച് മരണം സംഭവിച്ചെന്നുമാണ് വീട്ടുകാർ നടത്തിയ അന്വേഷണത്തില്‍ മറുപടി ലഭിച്ചത്.
11ന് രാവിലെ തന്നെ അനീഷിന്റെ മൂത്ത സഹോദരൻ നെല്ലിക്കുന്ന് ബീച്ചില്‍ തട്ടുകട നടത്തുന്ന രാജേഷ് കാസർഗോഡ് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് നാട്ടുകാരനായ ഒരാള്‍ അനീഷിനെ കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ കണ്ട കാര്യം വീട്ടുകാരോട് പറഞ്ഞത്.
ജനറല്‍ ആശുപത്രിയിലും പരിയാരത്തും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കോഴിക്കോട് മരിച്ചത് അനീഷ് ആണെന്ന് തിരിച്ചറിഞ്ഞത്.
ചെറിയ പരുക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബോധം ഇല്ലാത്തത് കൊണ്ടാണ് പരിയാരത്തേക്ക് മാറ്റിയതെന്നും കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിയ ബന്ധുക്കളോടും നഗരസഭ കൗണ്‍സിലർമാരോടും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. നാട്ടുകാർ കൂടുതല്‍ എത്തിയതിനാല്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
അനീഷിന്റെ മാതാവ് സരോജിനി 14 ദിവസം മുമ്പാണ് മരിച്ചത്. വ്യാഴാഴ്ച അടിയന്തര ചടങ്ങ് നടത്തേണ്ടത് അനീഷ് ആയിരുന്നുവെന്നും മറ്റ് കാര്യമായ അസുഖം ഒന്നും ഇല്ലാതിരുന്ന അനീഷിന് ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സഹോദരൻ രാജേഷ് വാർത്താ മാധ്യമങ്ങളോട് പറഞ്ഞു. അവിവാഹിതനാണ് മരിച്ച അനീഷ്. മറ്റ് സഹോദരങ്ങള്‍: ദിനേശ്, നിഷ.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്റിമേഷൻ ലഭിച്ചിട്ടുണ്ടെന്നും ഇൻക്വസ്റ്റ് നടപടികള്‍ വ്യാഴാഴ്ച രാവിലെ നടത്തി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കുമെന്നും പൊലീസ് പറഞ്ഞു.
അനീഷ് അപസ്‌മാര രോഗലക്ഷണം പ്രകടിപ്പിച്ചിരുന്നതായാണ് സംഭവ ദിവസം ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ബന്ധുക്കളോട് പറഞ്ഞത്