Zygo-Ad

ലക്ഷങ്ങളുമായി വൃദ്ധസദനം ഉടമ മുങ്ങി; അന്തേവാസികള്‍ ദുരിതത്തിൽ


തൊടുപുഴ: അനധികൃതമായി ആരംഭിച്ച വൃദ്ധസദനത്തിന്‍റെ നടത്തിപ്പുകാരൻ അന്തേവാസികളുടെ ലക്ഷങ്ങളുമായി വിദേശത്തേക്ക് കടന്നു.

ഭക്ഷണത്തിനും മരുന്നിനും അടക്കം പണമില്ലാതെ അന്തേവാസികളും ജീവനക്കാരിയും ദുരിതത്തില്‍. മാനസിക വെല്ലുവിളി നേരിടുന്നവർ അടക്കം അന്തേവാസികളുടെ പണമാണ് തട്ടിയെടുത്തത്. 

തൊടുപുഴ മുതലക്കോടത്ത് എല്‍ഡർ ഗാർഡൻ എന്ന പേരില്‍ നടത്തുന്ന വൃദ്ധസദനത്തിലുള്ള ഏഴ് പേരാണ് ദുരിതത്തിലായത്. പൊലീസില്‍ അടക്കം പരാതി നല്‍കി തങ്ങളുടെ പണം തിരികെ ലഭിക്കാനുള്ള കാത്തിരിപ്പിലാണിവർ. 2.5 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയാണ് ഉടമ ജീവൻ തോമസ് അന്തേവാസികളില്‍ നിന്ന് വാങ്ങിയത്. ഇതിന് പുറമെ പലരില്‍ നിന്നും പണവും സ്വർണവും കടമായി വാങ്ങിയിട്ടുണ്ട്. 

നടത്തിപ്പുകാരൻ അയർലൻഡിലേക്കാണ് പോയത്. ഇതോടെ ചികിത്സയും മരുന്നുമെല്ലാം മുടങ്ങി. അന്തേവാസികള്‍ തന്നെ പണം സമാഹരിച്ചും മറ്റുമാണ് ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നത്. ഇവർ തന്നെയാണ് പാകം ചെയ്യുന്നത്. 

സർക്കാറിന്‍റെയും ഓർഫനേജ് കണ്‍ട്രോള്‍ ബോർഡിന്‍റെയും അനുമതിയില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കുറച്ചു നാള്‍ മുമ്പ് ഈ സ്ഥാപനം സാമൂഹിക നീതി വകുപ്പ് പൂട്ടിച്ചിരുന്നു. അന്ന് 24 ഓളം അന്തേവാസികള്‍ ഉണ്ടായിരുന്നു. 

പൂട്ടി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ വീണ്ടും പ്രവർത്തനം ആരംഭിച്ചു. എന്നാല്‍, മാസങ്ങള്‍ക്കകം വീണ്ടും പ്രവർത്തനം തുടങ്ങി. ജീവൻ തോമസിന് പാലക്കാട്ടും ഇത്തരത്തിലുള്ള സ്ഥാപനം ഉണ്ടായിരുന്നതായി പറയുന്നു. 

ജീവിത സായാഹ്നത്തില്‍ കൂട്ടിനൊരാളില്ലാത്തവർക്ക് മെച്ചപ്പെട്ട താമസവും പരിചരണവും ചികിത്സയുമൊക്കെ കിട്ടുമെന്ന പരസ്യ വാചകത്തില്‍ വിശ്വസിച്ചാണ് കോഴിക്കോട് സ്വദേശി വൃദ്ധസദനത്തിലെത്തിയത്.

 ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ പണം നടത്തിപ്പുകാരന് നല്‍കി. ആദ്യ നാളുകളില്‍ വലിയ കുഴപ്പമില്ലായിരുന്നെങ്കിലും പതുക്കെ പ്രശ്നങ്ങള്‍ തുടങ്ങിയതായി പറയുന്നു. അന്തേവാസികളുടെ ദുരിതമറിഞ്ഞ് ജില്ല സാമൂഹിക നീതി ഓഫിസർ ഷംനാദിന്‍റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൃദ്ധ സദനത്തിലെത്തി. 

അന്തേവാസികളില്‍ നിന്ന് ഇവർ വിവരങ്ങള്‍ ചോദിച്ച്‌ അറിയുകയും പരാതികള്‍ സമാഹരിക്കുകയും ചെയ്തു. അന്തേവാസികള്‍ സർക്കാർ അഗതി മന്ദിരങ്ങളിലേക്ക് മാറാൻ തയാറല്ലെന്നാണ് അറിയിച്ചതെന്ന് ജില്ല സാമൂഹിക നീതി ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ