കോഴിക്കോട്: വടകര ചോറോട് കാറിടിച്ച് ഒമ്പതു വയസ്സുകാരി ദൃഷാന ഒരു വർഷത്തിലേറെയായി കോമയിലാവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസില്‍ കാറോടിച്ച പ്രതി ഷെജീലിന് കോടതി ജാമ്യം നല്‍കിയതിനെതിരെ ദൃഷാനയുടെ കുടുംബം.
പ്രതി റിമാൻഡിലാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ജാമ്യം ലഭിച്ചു. കോയമ്പത്തൂരില്‍ വിമാനം ഇറങ്ങി പൊലീസ് ചെലവില്‍ വടകരയിലെത്തി ജാമ്യം നേടി പ്രതി വീട്ടില്‍ പോയി. ഇത്തരം കാര്യങ്ങള്‍ നിസാര കേസായി കാണരുതെന്നും ദൃഷാനയുടെ കുടുംബം പ്രതികരിച്ചു.
ദൃഷാനയെ വെല്ലൂരില്‍ കൊണ്ടു പോയി ചികിത്സിക്കാൻ ആലോചനയുണ്ടെന്നും സഹായം വേണമെന്നും കുടുംബം പറഞ്ഞു. വാഹനാപകടത്തില്‍ കാർ ഓടിച്ച പുറമേരി മീത്തലെ പുനത്തില്‍ ഷെജീലിന് (35) വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു.
ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരമായിരുന്നു കേസ്. മിനിഞ്ഞാന്ന് കോയമ്പത്തൂരില്‍ വിമാനമിറങ്ങിയപ്പോഴാണ് പ്രതിയെ പൊലീസ് പിടി കൂടിയത്. ഇയാള്‍ക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2024 ഫെബ്രുവരി 17നാണ് വടകരക്ക് സമീപം ചോറോട് അമൃതാനന്ദമയീ മഠം സ്റ്റോപ്പില്‍ രാത്രി ഒമ്പതു മണിയോടെ അപകടമുണ്ടായത്. പുത്തലത്ത് ബേബി മരിക്കുകയും കൂടെയുണ്ടായിരുന്ന പേരക്കുട്ടി ദൃഷാനക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ ഷെജീല്‍ കാർ നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.
ഷെജീല്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം വടകരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദേശീയ പാതയില്‍ വെച്ച് ദൃഷാനയെയും ബേബിയെയും ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോയത്. പിൻ സീറ്റിലിരുന്ന മക്കള്‍ മുൻ സീറ്റിലിരിക്കാൻ വാശി പിടിച്ചതോടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്.
സംഭവത്തില്‍ കേസിന്റെ ചുരുളഴിഞ്ഞത് പ്രതി ഇൻഷുറൻസ് ക്ലെയിം ചെയ്തതിലൂടെയാണ്. ഷെജീലിന്‍റെ മാരുതി സ്വിഫ്റ്റ് കാറിന്റെ മുൻഭാഗം ഇടിയുടെ ആഘാതത്തില്‍ തകർന്നിരുന്നു.
പുറമേരി വെള്ളൂർ റോഡിലെ വർക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയ കാർ മതിലിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് വ്യാജ വിവരം നല്‍കി നഷ്ട പരിഹാരം വാങ്ങുകയായിരുന്നു.
അഞ്ഞൂറിലധികം കാർ വർക് ഷോപ്പുകളില്‍ കയറിയിറങ്ങിയ അന്വേഷണ സംഘം 19,000 വാഹനങ്ങളും അര ലക്ഷത്തോളം ഫോണ്‍ കോളുകളും കേസില്‍ പരിശോധിച്ചു.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വർക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് വെള്ളൂരിലെ വർക്ക് ഷോപ്പില്‍ നിന്ന് അറ്റകുറ്റപ്പണി നടത്തിയ കാറിന് നാഷനല്‍ ഇൻഷുറൻസ് കമ്പനിയില്‍ നിന്ന് 30,000 രൂപ അനുവദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ കാറാണ് ദൃഷാനയെയും ബേബിയെയും ഇടിച്ച് തെറിപ്പിച്ചതെന്ന് കണ്ടെത്തിയത്.