Zygo-Ad

'ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറി'; വീടു കയറി ആക്രമിച്ചും വാഹനങ്ങൾ അടിച്ചു തകർത്തും യുവാവ്


തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശ വാദവുമായി യുവാവ് നാട്ടില്‍ അക്രമം അഴിച്ചു വിട്ടു.

നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലില്‍ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അക്രമ സംഭവങ്ങളുണ്ടായത്. പ്രദേശത്തെ മൂന്ന് യുവാക്കളെ അകാരണമായി വീട്ടില്‍ക്കയറി മർദ്ദിക്കുകയും വാഹനങ്ങള്‍ അടിച്ചു തകർക്കുകയുമായിരുന്നു.

അനീഷ് എന്ന യുവാവാണ് അക്രമം നടത്തിയത്. ഇയാള്‍ ക്ഷേത്രത്തിലെ പൂജാരിയെന്നാണ് പറയുന്നത്. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടർന്ന് രാത്രി പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയും നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. 

ആറാലുംമൂട് ഗോപൻ സ്വാമിയുടെ ആത്മാവ് തന്റെ ശരീരത്തില്‍ കയറിയെന്ന് ഇയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലും ഇയാള്‍ അക്രമാസക്തനായി. പൊലീസുമായി പിടിവലിയുണ്ടാവുകയും ചെയ്തു. മർദ്ദനമേറ്റ മൂന്ന് യുവാക്കള്‍ക്കും പരിക്കുണ്ട്. വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ട്.

അതേ സമയം, ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മുഖത്തും മൂക്കിലും തലയിലുമടക്കം ശരീരത്തില്‍ നാലിടത്ത് ചതവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ ഈ ചതവുകള്‍ മരണ കാരണമായിട്ടില്ലെന്നാണ് സൂചന.

ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു. കൂടാതെ വൃക്കകളില്‍ സിസ്റ്റും ഹൃദയ ധമനികളില്‍ 75 ശതമാനത്തോളം ബ്ലോക്കും ഉണ്ടായിരുന്നു. രാസ പരിശോധനാ ഫലം വന്നാല്‍ മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാകുകയുള്ളൂ. 

ജനുവരി ഒൻപതിനാണ് ഗോപൻ മരിച്ചത്. അച്ഛന്റെ ആഗ്രഹ പ്രകാരം സമാധിയിരുത്തിയെന്നായിരുന്നു ഇയാളുടെ മക്കള്‍ പറഞ്ഞത്. മരണത്തില്‍ സംശയമുന്നയിച്ച്‌ നാട്ടുകാർ പരാതി നല്‍കി. പിന്നാലെ ഹൈക്കോടതിയടക്കം സംഭവത്തില്‍ ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ