ദിവസങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശിൽ ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊന്ന് വീപ്പയിലാക്കിയ വാർത്ത പുറത്തു വന്നത്. അതിന് മുമ്പ് ഭർത്താവിനെ കൊല്ലാൻ കാമുകനുമായി ചേർന്ന് യുവതി കൊട്ടേഷൻ കൊടുത്ത വാർത്തയും ഉണ്ടായിരുന്നു. ഇങ്ങനെ കാമുകന്മാരുള്ള ഭാര്യമാർ യഥാർത്ഥ ഭർത്താക്കന്മാരെ കൊന്നു തള്ളുന്ന വാർത്തകൾ കണ്ട് പേടിച്ച ഗോരഖ്പൂർ സ്വദേശിയായ ബബ്ലു ചെയ്ത കാര്യം കേട്ടാൽ ആരും ആദ്യമൊന്ന് ഞെട്ടും. ഞെട്ടൽ ചിരിയിലേക്കും ചിരി സഹതാപത്തിലേക്കും മാറാൻ അധിക സമയം എടുക്കില്ല.
കാമുകനുള്ളതിനാൽ ഭാര്യ തന്നെ കൊല്ലുമോയെന്നു പേടിച്ച് ജീവനിൽ കൊതിയുള്ളതിനാൽ ഭാര്യയുടെയും കാമുകന്‍റെയും വിവാഹം ബബ്ലു തന്നെ നേരിട്ടങ്ങു നടത്തി കൊടുത്തു
സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു 2017 ലാണ് ഗോരഖ്പൂർ ജില്ലയിൽ നിന്നുള്ള രാധികയെ വിവാഹം കഴിക്കുന്നത്. അവർക്ക് രണ്ട് കുട്ടികളുമുണ്ട്. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ഒന്നര വർഷത്തോളമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇത് സ്ഥിരീകരിക്കാൻ രഹസ്യമായി ഗ്രാമത്തിൽ എത്തിയ അദ്ദേഹം ഭാര്യയെ പിന്തുടർന്ന് അവരുടെ കാമുകനുമായുള്ള ബന്ധം നേരിട്ട് ഉറപ്പാക്കുകയും ചെയ്തു.
ഭാര്യയുടെ അവിഹിതം കണ്ടെത്തിയിട്ടും അവരുമായി തർക്കിക്കാനോ പ്രതികാര നടപടിക്കോ നിൽക്കാതെ ബബ്ലു നേരെ പോയത് ഗ്രാമതലവന്മാരുടെ അടുത്തേക്കാണ്. ഭാര്യയെ അവരുടെ കാമുകന് കല്യാണം കഴിച്ചു കൊടുക്കണം എന്ന് അഭ്യർത്ഥിക്കാനായിരുന്നു അത്. തുടർന്ന് ഒരു ശിവക്ഷേത്രത്തിൽ വെച്ച് ഹിന്ദു ആചാരപ്രകാരം ബബ്ലു രാധികയെ കാമുകന് വിവാഹം കഴിപ്പിച്ചു കൊടുത്തു എന്ന് മാത്രമല്ല സാക്ഷിയായി രേഖകളിൽ ഒപ്പു വക്കുകയും ചെയ്തു. കുട്ടികളെ താൻ ഒറ്റക്ക് വളർത്തിക്കൊള്ളാം എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വിവാഹത്തിന്‍റെ വീഡിയോ വൈറലായിരുന്നു. രാധിക തന്റെ കുട്ടികളെയും ഗ്രാമവാസികളെയും സാക്ഷികളാക്കി കാമുകനായ വികാസിനെ വിവാഹം കഴിക്കുന്നതും ചടങ്ങുകൾക്ക് ശേഷം ബബ്ലു ദമ്പതികൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.
തനിക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്നോർത്താണ് തൻ വിവാഹം നടത്തിയതെന്ന് ബബ്ലു വാർത്താ ഏജൻസിക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു. മീററ്റിലെ കൊലപാതകവും മറ്റും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ നടക്കുന്നത് കൊണ്ടാണ് നമുക്ക് രണ്ടുപേർക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന തരത്തിൽ എന്റെ ഭാര്യയെ അവളുടെ കാമുകനെ വിവാഹം കഴിപ്പിക്കാൻ ഞാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.