Zygo-Ad

'ഇനി ഇങ്ങോട്ടേക്കില്ല, വിശ്രമ ജീവിതമാണ് ഇനി'; കൊയിലാണ്ടി ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച രാജൻ പറഞ്ഞ വാക്കുകൾ


പയ്യോളി: കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് ബുധനാഴ്ച ക്ഷേമനിധി വിഹിതം കൈപ്പറ്റിയ രാജൻ ഉദ്യോഗസ്ഥരോട് പറഞ്ഞു.

''പ്രായമായി, ഇനി ഇങ്ങോട്ടേക്ക് ഇല്ല. വിശ്രമ ജീവിതമാണ് ഇനി. ഭാര്യ സരളയാണ് കാര്യങ്ങള്‍ക്കായി വരുക''. മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടയില്‍ ആന ഇടഞ്ഞ് അപകടത്തില്‍ മരിച്ച വടക്കയില്‍ രാജൻ ദീർഘകാലം ഊരള്ളൂരില്‍ റേഷൻകട നടത്തിവരുകയാണ്.

 ലൈസൻസ് ഇപ്പോള്‍ ഭാര്യയുടെ പേരിലാണ്. എഴുപത് വയസ്സ് കഴിഞ്ഞ രാജൻ ക്ഷേമനിധി ആനുകൂല്യം കൈപ്പറ്റാൻ എത്തിയപ്പോഴാണ് ഇങ്ങനെ പറഞ്ഞത്. മരണപ്പെട്ടതില്‍ ഒരാള്‍ രാജനാണെന്നറിഞ്ഞപ്പോള്‍ സപ്ലൈകോ ജീവനക്കാർ ഞെട്ടി. ഉത്സവത്തിന് ഓഫീസിലുള്ളവരെയെല്ലാം ക്ഷണിക്കുകയും ചെയ്തു.

ഭാഗ്യം, ജീവൻ തിരിച്ചു കിട്ടി

''താലപ്പൊലിക്കായി 5.30-ഓടെയാണ് പ്രദക്ഷിണത്തിനായി ഇറങ്ങിയത്. രണ്ട് ആനകളാണ് ഉണ്ടായിരുന്നത്. മുൻപിലുണ്ടായിരുന്ന ഗോകുലെന്ന ആനയുടെ മുകളില്‍ ഭഗവതിയുടെ തിടമ്പുമായാണ് ഞാൻ ഇരുന്നത്. 

ഒരു വലം വെച്ചതിനു ശേഷം പുറകിലുണ്ടായിരുന്ന പീതാംബരനെന്ന ആന ഗോകുലിനെ കുത്തുകയായിരുന്നു. ഇതില്‍ വിറളി പൂണ്ട ഗോകുല്‍ മസ്തകം കുലുക്കിയപ്പോള്‍ ഞാനടക്കമുള്ളവർ നിലത്തു വീഴുകയായിരുന്നു.'' -ക്ഷേത്രം മേല്‍ശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു.


പരിക്കേറ്റ ക്ഷേത്രം മേല്‍ശാന്തി പ്രദീപ് നമ്പൂതിരിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍.

വനംമന്ത്രി അടിയന്തര റിപ്പോർട്ട് തേടി

കോഴിക്കോട്: കൊയിലാണ്ടിയില്‍ മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ അടിയന്തര റിപ്പോർട്ട് നല്‍കാൻ കളക്ടറോടും ഉത്തര മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററോടും (സോഷ്യല്‍ ഫോറസ്ട്രി) മന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ