തൃശൂർ: ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ ജീവനക്കാരെ ബന്ദികളാക്കി മോഷണം. ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയിലാണ് നാടിനെ നടുക്കിയ സംഭവം.
മോഷണ സമയത്ത് മാനേജറും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പോയിരുന്നു. മോഷ്‌ടാവിന്റെ കൈയില്‍ ആയുധമുണ്ടായിരുന്നു.
ഇന്ന് ഉച്ചയ‌്ക്കാണ് മോഷണം നടന്നത്. വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തുണ്ട്.
അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. കവർച്ചയുടെ ആഴം വ്യക്തമായിട്ടില്ലെങ്കിലും 15 ലക്ഷം കവർന്നതായാണ് പ്രാഥമിക വിവരം.
കവർച്ച നടന്ന സമയത്ത് ബാങ്കില്‍ തിരക്ക് കുറവായിരുന്നു.
ജീവനക്കാരില്‍ ഒരു വിഭാഗം ഭക്ഷണം കഴിക്കാൻ പോയിരിക്കുമ്പോഴാണ് മോഷ്ടാവ് ബാങ്കില്‍ എത്തിയത്. ബാങ്കിലുണ്ടായിരുന്ന മാനേജറെയും മറ്റൊരു ജീവനക്കാരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബാത്റൂമില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. ക്യാഷ് കൗണ്ടറിന്റെ ചില്ല് കസേര ഉപയോഗിച്ച് തകർത്താണ് മോഷണം നടത്തിയത്.
ഇരുചക്ര വാഹനത്തില്‍ എത്തിയ ആളാണ് മോഷണം നടത്തിയത്. ഇയാള്‍ ബാങ്കിലേക്ക് വരുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യം പരിശോധിച്ച് വരികയാണ്. മാസ്‌കും ജാക്കറ്റും ഹെല്‍മറ്റും ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്.