കൊല്ലത്ത് ലഹരിക്ക് അടിമയായി, ആവശ്യപ്പെട്ട പണം ലഭിക്കാത്തതിന് അമ്മയെയും മുത്തച്ഛനെയും കൊന്ന കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
കുണ്ടറ പടപ്പക്കര സ്വദേശി അഖില്‍ കുമാറിനെ കൊട്ടിയത്തെ മൊബൈല്‍ കടയിലും പടപ്പക്കരയിലെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
നാലു മാസം ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ നിന്നാണ് പിടി കൂടിയത്.
അനാഥനാണെന്ന് പറഞ്ഞ് ഡല്‍ഹിയിലും ജമ്മു കശ്മീരിലും താമസിച്ച അഖില്‍ കുമാര്‍ പടപ്പക്കരയിലെ സ്വന്തം വീട്ടിലേക്ക് ഇങ്ങനെയൊരു വരവ് പ്രതീക്ഷിക്കാതെയായിരുന്നു. പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് തെളിവെടുപ്പില്‍ പൂര്‍ണമായി സഹകരിച്ചു.
അമ്മ പുഷ്പലതയെയും മുത്തച്ഛന്‍ ആന്‍റണിയെയും കൊന്ന ഓഗസ്റ്റ് 16ന് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വീടിനുളളില്‍ നിന്ന് പൊലീസ് കണ്ടെത്തി. രണ്ട് സിം കാര്‍ഡുകളും കണ്ടെടുത്തു. എന്നാല്‍ ഇരട്ടക്കൊലപാതകത്തില്‍ യാതൊരു കുറ്റബോധവുമില്ല.
അമ്മയുടെ മൊബൈല്‍ ഫോണ്‍ കൊട്ടിയത്തെ മൊബൈല്‍കടയില്‍ 2000 രൂപക്ക് വിറ്റിരുന്നു, മൊബൈല്‍ കടയിലെത്തിച്ചും അഖിലുമായി തെളിവെടുപ്പ് നടത്തി.
അഖില്‍ അമ്മയുടെ എടിഎം കാര്‍ഡും കൈക്കലാക്കിയിരുന്നു. ഇത് എവിടെയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
ലഹരിക്ക് അടിമയായ അഖില്‍ കുമാര്‍ കൊലപാതക ദിവസം രാവിലെ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടാണ് അമ്മയോട് വഴക്കുണ്ടാക്കിയത്. അമ്മ പൊലീസില്‍ അറിയിക്കുകയും പൊലീസ് വീട്ടിലെത്തി അഖിലിനെ താക്കീത് ചെയ്യുകയും ചെയ്തു.
ഇതിന്റെ വൈരാഗ്യത്തിലായിരുന്നു അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം കൊലപാതകം. പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ ചുറ്റികകൊണ്ടാണ് അടിച്ച് വീഴ്ത്തി. ഇതിന് ശേഷം ഓംലറ്റ് തയാറാക്കി കഴിച്ചു.
തുടര്‍ന്ന് ജോലിക്ക് പോയിരുന്ന അമ്മ പുഷ്പലതയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അമ്മയുടെ തലയ്ക്കും ചുറ്റിക കൊണ്ട് അടിച്ചു.
ഉളി കൊണ്ട് പലവട്ടം കുത്തി. മരണം ഉറപ്പാക്കാന്‍ തലയിണകൊണ്ട് അമര്‍ത്തി. ഇതിന് ശേഷം വീട്ടിലെ ടിവി കണ്ടും പാട്ടു കേട്ടും ആസ്വദിച്ചു. ആറു മണിയോടെ വീടു വിട്ടിറങ്ങിയ അഖില്‍ ഡല്‍ഹിക്ക് വണ്ടി കയറുയായിരുന്നു. അഞ്ചു ദിവസമാണ് കസ്റ്റഡി കാലാവധിയെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.