വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും; നടപടിക്രമങ്ങള്‍ക്കു രണ്ട് സമിതികൾ

 


തിരുവനന്തപുരം: വയനാട് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രാദേശിക സമിതി, സംസ്ഥാനതല സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മറ്റ് സഹായങ്ങള്‍ നല്‍കുകയെന്നതാണ് സമിതി രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും എസ്എച്ച്ഒയും അടങ്ങുന്നതാണ് പ്രാദേശിക സമിതി. ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലും ഇതിന്റെ മേല്‍ നടത്തിയ തിരച്ചിലല്‍ അവരെ കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന തലസമിതിക്ക് നല്‍കും.

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍. റവന്യൂ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെ സെകട്ട്രറിമാരും സമിതിയിലുണ്ട്.. ഇവര്‍ പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് മറ്റ് നടപടിക്രമങ്ങളിലേക്ക് നീങ്ങും. അതിന് പിന്നാലെ അടുത്ത ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കും, അതിന് പിന്നാലെ അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വീട് ഉള്‍പ്പടെ മറ്റ് സഹായങ്ങള്‍ അര്‍ഹരാക്കി കൊണ്ടുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര്‍ ഇനിയും കാണാമറയത്താണ്.

വളരെ പുതിയ വളരെ പഴയ