കണ്ണൂർ: സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴില്‍ സജ്ജീകരിച്ച നവീകരിച്ച പൈതൃക കേന്ദ്രം പ്രദര്‍ശനശാല ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്കില്‍ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അപൂര്‍വ്വങ്ങളും അമൂല്യങ്ങളുമായ രേഖകളുടെ ചരിത്ര പ്രാധാന്യം പൊതുജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനും പൈതൃക സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പുതുതലമുറ മനസ്സിലാക്കുന്നതിനുമാണ് പുരാരേഖാ വകുപ്പ് മ്യൂസിയം സജജമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
നമ്മളറിയാത്ത ഒരുപാട് രേഖകളുടെ സൂക്ഷിപ്പുകള്‍ പൈതൃക കേന്ദ്രം പ്രദര്‍ശന ശാലയിലുണ്ട്. ലോകത്ത് അത്തരം സൂക്ഷിപ്പുകള്‍ അധികമില്ല. അവ ചരിത്രത്തിന്റെ ശേഷിപ്പുകളാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി.
താളിയോലരേഖകള്‍, ചരിത്രരേഖകള്‍ മുളക്കരണങ്ങള്‍, ചെപ്പേടുകള്‍, കടലാസ് രേഖകള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനുള്ളത്.
ഐക്യ കേരളം രൂപം കൊള്ളുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളിലെ ചരിത്ര, സാമൂഹ്യ, സാംസ്‌കാരിക, സംബന്ധിയായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചരിത്രരേഖകളും ഭൂമി സംബന്ധിയായ രേഖകളും ഇവയില്‍ ഉള്‍പ്പെടുന്നു.
സാമൂഹിക പരിഷ്‌കരണത്തിന് ഇടയാക്കിയ വിവിധങ്ങളായ രാജകീയ ഉത്തരവുകളടങ്ങിയ നീട്ടുകള്‍, തീട്ടൂരങ്ങള്‍, ഭൂമി അളന്ന് തിട്ടപ്പെടുത്തി നികുതി നിശ്ചയിച്ച ഒഴുകുകള്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണരേഖകളായ മതിലകം രേഖകള്‍, കൊച്ചി ദിവാന്റെ ഡയറികള്‍, മലബാറിന്റെ വിവിധ സമരങ്ങള്‍ വിവരിക്കുന്ന മലബാര്‍ രേഖകള്‍ എന്നിവയും ഈ രേഖാശേഖരത്തിലുണ്ട്. മനുഷ്യചരിത്രവും കണ്ണൂര്‍ ചരിത്രവും പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ. ടി സരള, എന്‍.വി ശ്രീജിനി, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ് പാര്‍വതി, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ ജ്യോതി കോളോത്ത്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എ.എസ് ബിജേഷ്, എസ്.എസ്.കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, ടി ടി ഐ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റിനീഷ്, ശ്രീശങ്കരാചാര്യ സര്‍വകലാശാല റിട്ട. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എംടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി 'ചരിത്ര നിര്‍മ്മിതി പുരാരേഖകളിലൂടെ' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഡോ. എംടി നാരായണന്‍ വിഷയം അവതരിപ്പിച്ചു.