കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്.
എലത്തൂർ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്.പി.സി.എല്‍. ടെർമിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു.
കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ ശനിയാഴ്ച വൈകീട്ട് നാലു മുതല്‍ ആറു വരെ രണ്ടു മണിക്കൂർ അടച്ചിടാനും ആഹ്വാനം ചെയ്തു.
പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മില്‍ കുറച്ചു ദിവസമായി തർക്കം തുടർന്നുവരികയായിരുന്നു. 'ചായ പൈസ' എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലർമാർ നല്‍കി വരുന്നുണ്ട്. ഈ തുക വർധിപ്പിക്കണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഡീലർമാർ നിഷേധിച്ചു.
ഇക്കാര്യത്തിലാണ് എലത്തൂരിലെ ഡിപ്പോയില്‍ വെച്ച് ചർച്ച നടന്നത്. യോഗത്തിനിടെ ടാങ്കർ ഡ്രൈവർമാർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികളെ കൈയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. കൈയ്യേറ്റത്തില്‍ പോലീസില്‍ പരാതി നല്‍കാനും തീരുമാനമായി. അടിയന്തര ഓണ്‍ലൈൻ മീറ്റിങ്ങിലാണ് തീരുമാനം.