പി.ജയചന്ദ്രന് യാത്രാ മൊഴി; തൊഴുകൈകളോടെ കേരളം; കണ്ണീർ പ്രണാമമർപ്പിച്ച് പ്രിയപ്പെട്ടവർ


തൃശൂർ:  പി. ജയചന്ദ്രന് വിട നൽകി കലാകേരളം. ചേന്ദമംഗലം പാലിയത്തെ വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകനും ബന്ധുക്കളുമാണ് ചിതയ്ക്ക് തീ കൊളുത്തിയത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിന്നും ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൊതു ദർശനത്തിനു ശേഷമാണ് വീട്ടിൽ എത്തിച്ചത്.

ഇന്നലെ പൂങ്കുന്നത്തെ വീട്ടിലും തുടർന്ന് സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതു ദർശനം ഉണ്ടായിരുന്നു. ഡിസംബർ ഒമ്പത് വൈകീട്ട് എട്ട് മണിയോടെയാണ് ജയചന്ദ്രൻ മരിച്ചത്.

കുട്ടിക്കാലത്തെ ഓർമ്മകൾ പേറുന്ന പാലിയം തറവാട് പി.ജയചന്ദ്രന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. പാലിയത്ത് അവസാനം എത്തിയപ്പോഴാണ് ആ മണ്ണിൽ തന്നെ ഉറങ്ങണമെന്ന ആഗ്രഹം ജയചന്ദ്രൻ ബന്ധുക്കളോട് പറഞ്ഞത്.

കാലം സ്പർശിക്കാത്ത ജയചന്ദ്ര ഗാനങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ ഭാവഗായകന് പ്രിയ സഹപ്രവർത്തകരും ആസ്വാദകരും കണ്ണീർ പൂക്കൾ അർപ്പിച്ചു. ഒപ്പം രാഷ്ട്രീയ, സാമൂഹ്യ സംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരും ജയചന്ദ്രന്റെ ഈണങ്ങളും ഓർമകളും പേറുന്ന അനേകം മനുഷ്യരും അവസാനമായി കാണാനെത്തി. 

നിശ്ചയിച്ചതിലും മുക്കാൽ മണിക്കൂറോളം വൈകി 1 മണിയോടെയാണ് മൃതദേഹം ഹാളിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്. രഞ്ജി പണിക്കർ അടക്കം പ്രിയപ്പെട്ടവർ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി അടക്കമുളള താരങ്ങൾ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

വളരെ പുതിയ വളരെ പഴയ