പെരിയ ഇരട്ടക്കൊലപാതകം; ഹൈക്കോടതിയില്‍ അപ്പീലുമായി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍

 


കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതികളായ നാല് സിപിഎം നേതാക്കള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ പ്രതികളായ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍, ഭാസ്‌കരന്‍, രാഘവന്‍ എന്നിവരാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കേസില്‍ അഞ്ചു വര്‍ഷം തടവു ശിക്ഷയാണ് ഈ പ്രതികള്‍ക്ക് സിബിഐ കോടതി വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഇവര്‍ക്കെതിരായ കേസ്. അഞ്ചു വര്‍ഷം ശിക്ഷ വിധിച്ചതോടെ ഇവരുടെ ജാമ്യം റദ്ദാകുകയും, ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റവാളികളായ ഒമ്ബത് പേരെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നാം പ്രതി പീതാംബരന്‍, മറ്റു പ്രതികളായ രഞ്ജിത്ത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് മാറ്റിയത്.

 വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. 

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, സിപിഐഎം പാക്കം മുൻ ലോക്കല്‍ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർക്ക് അഞ്ച് വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്.

2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞു നിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. 

വെട്ടേറ്റ കൃപേഷ് സംഭവ സ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തി മൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.

വളരെ പുതിയ വളരെ പഴയ