പത്തനംതിട്ട: വിദ്യാർഥിനിയെ 64 പേർ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ചില വിദ്യാർഥികളുടെ ബന്ധുക്കള്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.
മക്കള്‍ അറസ്റ്റിലായതിന്റെ ഞെട്ടലിലായ മാതാപിതാക്കളും ബന്ധുക്കളുമാണ് സ്റ്റേഷനില്‍ എത്തിയത്.
എന്നാല്‍, വിശദമായ പരിശോധനക്ക് ശേഷമാണ് ഓരോ പ്രതിയെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. രാത്രിയില്‍ വീട് വളഞ്ഞാണ് ചിലരെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണിലൂടെ വാട്സ്‌ആപ്പിലും ഇൻസ്റ്റഗ്രാമിലും ചാറ്റ് ചെയ്ത ശേഷം പീഡിപ്പിച്ചവരെയാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
അതിനിടെ, 64 പേർ പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ വെളിപ്പെടുത്തല്‍ വിപുലമായി അന്വേഷിക്കാൻ ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘത്തെ നിയോഗിച്ചു.
പത്തനംതിട്ട പൊലീസ് ചീഫ് വി.ജി. വിനോദ്കുമാർ, ഡിവൈ.എസ്.പി എസ്. നന്ദകുമാർ, പത്തനംതിട്ട, ഇലവുംതിട്ട, റാന്നി, വനിത പൊലീസ് എസ്.എച്ച്.ഒമാർ എന്നിവർ ടീമംഗങ്ങളാണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇതു വരെ 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്.
അറസ്റ്റിലാകുന്നവർക്കെതിരെ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നടപടികള്‍ വേഗത്തിലാക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
അറസ്റ്റ് ഭയന്ന് പ്രതികളില്‍ പലരും ഇതിനകം ഒളിവില്‍ പോയതും അന്വേഷണം വിപുലപ്പെടുത്താൻ കാരണമായി.
ശബരിമല മകരവിളക്ക് ഉത്സവത്തിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ തിരക്കിലാണ് ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ. മകര വിളക്ക് കഴിഞ്ഞാല്‍ അന്വേഷണം വേഗത്തിലാക്കും.
പിടിയിലാകുന്നവർക്കെതിരെ ശാസ്ത്രീയ, സാഹചര്യത്തെളിവുകളും ഡിജിറ്റല്‍ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത്. അഞ്ചു വർഷമായി നടന്ന പീഡനമായതിനാല്‍ പ്രതികളും പെണ്‍കുട്ടിയുമായി നടന്ന മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിനെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കാൻ മൊബൈല്‍ കമ്പനികളെ സമീപിക്കേണ്ടതുണ്ട്.
രണ്ടു വർഷത്തില്‍ കൂടുതലുള്ള ഡേറ്റകള്‍ ചില മൊബൈല്‍ കമ്പനികള്‍ സൂക്ഷിക്കാറില്ലാത്തത് വെല്ലുവിളിയായേക്കും.
പീഡിപ്പിച്ച നാല്‍പതോളം പേരുടെ നമ്പറുകളാണ് പെണ്‍കുട്ടി പിതാവിന്റെ ഫോണില്‍ സേവ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഡയറിയിലും നോട്ട്ബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. ഇതും അമ്മയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്.