'കമ്മ്യൂണിസ്റ്റുകാർക്ക് മദ്യപിക്കണമെങ്കിൽ വീട്ടിൽ ആയിക്കോളൂ, പരസ്യമായി നാലുകാലിൽ വരാൻ പാടില്ല'; നയം വിശദീകരിച്ച് ബിനോയ് വിശ്വം


മദ്യ നിരോധനമല്ല, മദ്യ വർജനമാണ് പാർട്ടി നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാർ പരസ്യമായി മദ്യപിച്ച് നാലു കാലിൽ വരാൻ പാടില്ലെന്നും മദ്യപാന ശീലമുണ്ടെങ്കിൽ വീട്ടിൽ വച്ചായിക്കോ എന്നും ബിനോയ് വിശ്വം പറഞ്ഞു. 

മദ്യ നയം സംബന്ധിച്ച സിപിഐ പാർട്ടി മെമ്പർമാർക്കുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമർശം ചർച്ചയായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. 

പ്രവർത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നൽകുന്നതടക്കമുള്ള നിർദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തിലുളളത്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് 33 വർഷത്തിനൊടുവിൽ മദ്യപാനം സംബന്ധിച്ച നിലപാട് പാർട്ടി തിരുത്തുന്നത്. 

മദ്യ നിരോധനമല്ല, മദ്യ വർജനമാണ് സിപിഐ നയം. പ്രവർത്തകർക്ക് മദ്യപിക്കാം, എന്നാൽ അമിതമാവരുതെന്നാണ് നിർദേശം. നേതാക്കളും പ്രവർത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കണമെന്നും പൊതു സ്ഥലങ്ങളിൽ മദ്യപിച്ച് പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കരുതെന്നും നിർദേശമുണ്ട്.

വളരെ പുതിയ വളരെ പഴയ