കണ്ണൂർ : മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയെ കയറിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. കാക്കയങ്ങാട് പാലപ്പുഴ റോഡിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇന്ന് രാവിലെ പുലിയെ കണ്ടെത്തിയത്. പോലീസും വനവകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.
മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനാൽ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി വരെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവ് പുറപ്പെടുവിച്ചു.
ബിഎൻഎസ്എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ്. ഈ ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്കെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം ശിക്ഷണ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടർ അറിയിച്ചു.
മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനാൽ പൊതുജനങ്ങൾക്ക് അപകടം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് ഇരിട്ടി തഹസിൽദാർ റിപ്പോർട്ട് ചെയ്തിരുന്നു.