പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്‍റെ നഴ്സിങ് പാസായ മൂത്ത മകള്‍ അതുല്യക്ക് സർക്കാർ തലത്തില്‍ ജോലി നല്‍കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ജോലി ഉടൻ നല്‍കാൻ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നാണ് ചെന്നിത്തല അറിയിച്ചത്. കുട്ടികള്‍ ഇപ്പോള്‍ താമസിക്കുന്ന കുഴല്‍മന്ദത്തിന് അടുത്തുള്ള ചിതലിയിലെ ബന്ധുവീട്ടിലെത്തി ചെന്നിത്തല കുട്ടികളെ ആശ്വസിപ്പിച്ചിരുന്നു.
ഇവിടെ വച്ച് ആരോഗ്യ മന്ത്രിയെ ഫോണില്‍ വിളിച്ചാണ് ചെന്നിത്തല അതുല്യക്ക് സർക്കാർ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടതും മന്ത്രി ഉറപ്പ് നല്‍കിയതും. കൊല്ലപ്പെട്ട സുധാകരന്‍റെ രണ്ടാമത്തെ മകള്‍ അഖിലയുടെ വിദ്യാഭ്യാസം വനിത വികസന കോർപ്പറേഷൻ ഏറ്റെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.
ഇതിൻ്റെ ഭാഗമായി രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
ഇതോടൊപ്പം രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാം പദ്ധതിയിലെ ഫണ്ടില്‍ നിന്ന് അരലക്ഷം രൂപ ആദ്യധനസഹായമായി കുട്ടികള്‍ക്ക് നല്‍കാനും തീരുമാനിച്ചു.
നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിനുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ചെന്നിത്തല ചൂണ്ടികാട്ടി. ഒരു സ്റ്റേഷൻ ഹൗസ് ഓഫീസറെ സ്ഥലം മാറ്റിയത് കൊണ്ട് തീരുന്ന നിസാര പ്രശ്നമല്ല. ഇക്കാര്യത്തില്‍ ഉന്നതല അന്വേഷണമാണ് വേണ്ടത്.
കുറ്റക്കാരെ സംരക്ഷിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൊലിസ് സ്റ്റേഷനിലെ ജന രോഷത്തിനെതിരെ നാട്ടുകാർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് ഡി സി സി പ്രസിഡൻ്റ് തങ്കപ്പൻ മുൻ എം പിമാരായ വി എസ് വിജയരാഘവൻ, രമ്യാ ഹരിദാസ് എന്നിവർക്കൊപ്പമാണ് ചെത്തിത്തല കുട്ടികളെ കാണാൻ എത്തിയത്.
അതേ സമയം കേസിലെ പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലില്‍ നിന്നും വിയൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. വിയ്യൂരിലെ അതീവസുരക്ഷാജയിലിലെ ഒറ്റസെല്ലിലേക്കാണ് മാറ്റിയത്.
അതീവ സുരക്ഷയിലായിരുന്നു ജയില്‍ മാറ്റം. കൂടെ കഴിയാൻ സഹതടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ജയില്‍ അധികൃതർ അപേക്ഷ നല്‍കി.
ഇത് ആലത്തൂർ കോടതി അംഗീകരിക്കുകയായിരുന്നു. 2019 ലെ സജിത കൊലപാതകത്തില്‍ വിയ്യൂർ സെൻട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായിരിക്കെയാണ് ജാമ്യം നേടി പുറത്തിറങ്ങി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.