മകന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ എംഎല്‍എ


ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത വ്യാജമെന്ന് യു പ്രതിഭ എംഎൽഎ. മകനും സുഹൃത്തുക്കളും ഇരിക്കുമ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്‌തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും എംഎൽഎ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിശദീകരണം.

'വാർത്ത വന്നത് മുതല് നിരവധി ഫോൺ കോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ശത്രുക്കളുണ്ട്. മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. 

ഒരാൾ എംഎൽഎ ആയതും പൊതു പ്രവർത്തകയായതു കൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാം. നേരെ തിരിച്ചാണേങ്കിൽ പരസ്യമായി മാധ്യമങ്ങൾ മാപ്പ് പറയണം,' യു പ്രതിഭ പ്രതികരിച്ചു.

എംഎൽഎയുടെ മകൻ്റെ കൈവശം കഞ്ചാവ് പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട് വന്നത്. കുട്ടനാട് എക്സൈസ് സംഘം കനിവിനെയും, 9 സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്‌തിയിൽ എത്തിയത്.

കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

വളരെ പുതിയ വളരെ പഴയ