കള്ളനേക്കാള്‍ ഒരുപടി മുകളിൽ പോലീസ് ബുദ്ധി, തുമ്പായത് പോലീസിനെ വഴിതെറ്റിക്കാനുള്ള കള്ളന്റെ ശ്രമം,പൊന്നാനി 550 പവൻ മോഷണക്കേസ് പ്രതികള്‍ വലയിലായി


 പൊന്നാനി: ഈ അടുത്ത കാലത്തുണ്ടായതില്‍ ഏറ്റവും വലിയ കവർച്ചയായിരുന്നു ബിയ്യത്തെ പ്രവാസിയുടെ വീട്ടിലേത്. ഒന്നും രണ്ടുമല്ല 550 പവനാണ് മോഷണം പോയതെന്ന് വ്യക്തമായതോടെ പ്രതികളെ കണ്ടെത്താൻ പോലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങി.

സിസിടിവിയുടെ ഡിവിആർ ഉള്‍പ്പെടെ പ്രതികള്‍ കൊണ്ടു പോയതിനാല്‍ യാതൊരുതെളിവും പോലീസിന് ലഭിച്ചില്ല. എങ്കിലും പിന്നോട്ടു പോകാതെ പോലീസ് കരുക്കള്‍ നീക്കിക്കൊണ്ടിരുന്നു.

അങ്ങനെ എട്ടു മാസക്കാലത്തെ അന്വേഷണത്തിനൊടുവില്‍ പോലീസ് സംശയിച്ച രണ്ടു പേരുള്‍പ്പെടെ കേസിലുള്‍പ്പെട്ട മൂന്നു പേരേയും പോലീസ് പിടികൂടി. പിടി വീണെങ്കിലും തൊണ്ടി മുതല്‍ പോലീസിന്റെ കൈകളിലെത്തിപ്പെടാതിരിക്കാൻ പ്രതികള്‍ പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാല്‍, പോലീസിന്റെ ചടുലമായ നീക്കത്തില്‍ പ്രതികള്‍ക്ക് അടിപതറി.

പ്രതികള്‍ ഒഴിപ്പിച്ച സ്വർണത്തിലേക്ക് പോലീസ് എത്തിപ്പെട്ടത് ഇങ്ങനെ: പിടിയിലായ പ്രതി സുഹൈലിനെ ചോദ്യംചെയ്തപ്പോള്‍ താൻ ഇപ്പോള്‍ മോഷണം നടത്താറില്ലെന്നായിരുന്നു മറുപടി. കൂടാതെ പനക്കല്‍ ചന്ദ്രനാവാം മോഷണത്തിനു പിന്നിലെന്നും പോലീസിനോട് പറഞ്ഞു. വീടും പരിസരവും വൃത്തിയായിട്ടുള്ള വീടുകളില്‍ മാത്രമേ താൻ കയറൂവെന്നും സുഹൈല്‍ പറഞ്ഞതില്‍ നിന്നും കളവ് നടന്ന വീട് അത്തരത്തിലുള്ളതാണെന്ന് പോലീസിന് മനസിലായി. ഇതോടെ അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമാണ് പ്രതിയുടേതെന്ന് പോലീസിനു മനസിലായി. കൂടാതെ മോഷണത്തിന് പോകുമ്പോള്‍ താൻ ഫോണ്‍ ഓഫ് ചെയ്യാറുണ്ടെന്നാണ് സുഹൈല്‍ പറഞ്ഞത്. മോഷണം നടന്ന ദിവസം രാത്രി 9.30-ഓടെ സുഹൈലിന്റെ ഫോണ്‍ ഓഫ് ആയെന്നും പോലീസ് കണ്ടെത്തി. സംഭവ ദിവസം പുലർച്ചെ ആദ്യ കോള്‍ ചെയ്ത നാസറിനെയും പോലീസ് നിരീക്ഷിക്കാൻ തുടങ്ങി.

അതേ സമയം കല്പകഞ്ചേരി പോലീസ് സ്റ്റേഷനില്‍ മറ്റൊരു കളവുകേസില്‍ പിടിയിലായ പ്രതി സലാം, താനും സുഹൈലും ചേർന്ന് പൊന്നാനിയില്‍ മോഷണം നടത്താൻ പദ്ധതി തയാറാക്കിയിരുന്നെന്നും തന്നെ കൂട്ടാതെ കളവ് നടത്തിയിട്ടുണ്ടാവുമെന്നും പോലീസിനോട് വെളിപ്പെടുത്തി. സുഹൈലിന്റെ സഹായിയായി കൂടിയ നാസറിനെ കസ്റ്റഡിയിലെടുത്തെങ്കിലും തെളിവുകളില്ലാത്തതിനാല്‍ വിട്ടയച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് സുഹൈല്‍ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിന്റെ നിരീക്ഷണത്തിലില്ലാത്ത ഒരാളെ സുഹൈല്‍ കണ്ടെത്തുകയായിരുന്നു മോഷണ മുതല്‍ വില്‍ക്കാൻ. കഞ്ചാവ് കേസില്‍ തവനൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്ന മനോഹരൻ വഴി സഹോദരൻ മനോജിനെയാണ് സമീപിച്ചത്. പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ കള്ളുഷാപ്പ് ജീവനക്കാരനായ മനോജ് ജോലി ഒഴിവാക്കി പല ദിവസങ്ങളിലും പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെത്തി സുഹൈലിനെ ജാമ്യത്തിലെടുക്കുന്നതായി അന്വേഷണ സംഘം മനസിലാക്കി. മനോജിനെ ചോദ്യം ചെയ്തതോടെയാണ് സ്വർണം കൊടുവള്ളിയിലെത്തിച്ച്‌ ഉരുക്കിയതായി മനസിലായത്. ഇതോടെ പ്രതികളെ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ പിടിയിലായെങ്കിലും കവർച്ച ചെയ്ത സ്വർണം പോലീസിന് കിട്ടാതിരിക്കാൻ സുഹൈല്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരുന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഒരാള്‍ക്ക് സ്വർണം വില്‍ക്കാൻ നല്‍കിയിട്ടുണ്ടെന്നാണ് ആദ്യം പറഞ്ഞത്. പ്രതികള്‍ പറഞ്ഞ വ്യക്തിയെ കണ്ടെത്തി അന്വേഷിച്ചെങ്കിലും കളവാണെന്ന് ബോധ്യമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തമിഴ്‌നാട് സ്വദേശിയായ രണ്ടു പേർക്കാണ് നല്‍കിയതെന്നാണ് പറഞ്ഞത്. ഇതു പ്രകാരം പ്രഭു എന്നയാളെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ കുറേ വർഷങ്ങളായി കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.

സുഹൈലിന്റെ ആദ്യ ഭാര്യയിലേക്കും മകളിലേക്കും അന്വേഷണം എത്തിയതോടെയാണ് സ്വർണം കുഴിച്ചിട്ട സ്ഥലം പ്രതി കാണിച്ചു കൊടുത്തത്. മോഷണ മുതല്‍ കണ്ടെത്താനായില്ലെങ്കില്‍ വേഗത്തില്‍ ജാമ്യത്തിലിറങ്ങാനാകുമെന്ന കണക്കു കൂട്ടലായിരുന്നു പ്രതികള്‍ക്ക്. ജയിലില്‍ നിന്നിറങ്ങിയാല്‍ മോഷണ മുതല്‍ വിറ്റ് ജീവിക്കാനുമായിരുന്നു പദ്ധതി.

വളരെ പുതിയ വളരെ പഴയ