കാഞ്ഞങ്ങാട് സബ് കളക്ടറുടെ കാര്‍ കോടതി ജപ്തി ചെയ്തു

 


കാഞ്ഞങ്ങാട്: ദേശീയപാത നീലേശ്വരം റെയില്‍ മേല്‍പ്പാലം നിര്‍മ്മാണത്തിന് ഏറ്റെടുത്ത സ്ഥലത്തിന്റെ പണം സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു.

സബ് കലക്ടര്‍ പ്രതീക്ക് ജയിന്‍ ഉപയോഗിക്കുന്ന കെഎല്‍14 എന്‍ 9999 നമ്ബര്‍ ഇന്നോവയാണ് കാഞ്ഞങ്ങാട് സബ് കോടതി ജപ്തി ചെയ്തത്.

പള്ളിക്കരയിലെ പരേതയായ ഇന്ത്യന്‍ വളപ്പില്‍ മാണിക്യം ഫയല്‍ ചെയ്ത കേസില്‍ ആണ് കോടതി നടപടി. 2003ല്‍ ആണ് ഇവരുടെ സ്ഥലം ഏറ്റെടുത്തത്. സെന്റിന് 2000 രൂപയാണ് സര്‍ക്കാര്‍ വില നിശ്ചയിച്ചത്. ഈ തുക കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. മാണിക്യത്തിന്റെ മരണ ശേഷം ഇ.വി.ശാന്ത, ഇ.വി.രമ എന്നിവര്‍ നല്‍കിയ പരാതിയിലാണ്‌ ഇപ്പോള്‍ ഉണ്ടായ കോടതി നടപടി. 6 മാസത്തിനകം 5.69 ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കോടതി വിധിച്ചിരുന്നു. 15 മാസം കഴിഞ്ഞിട്ടും പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്. പലിശയടക്കം 13,67,379 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. പണമടച്ചില്ലെങ്കില്‍ വാഹനം ലേലം ചെയ്യും. സബ് കലക്ടറുടെ വാഹനം ജപ്തി ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിധിയുണ്ടായത്. രാവിലെ സബ് കലക്ടറുടെ വാഹനം കോടതിയില്‍ എത്തിക്കാന്‍ സബ് കോടതി ജഡ്ജി എം.സി.ബിജുവിന്റെ ഉത്തരവിട്ടത്.സബ് കലക്ടര്‍ ഈ സമയത്ത് വാഹനത്തില്‍ യാത്രയിലായിരുന്നു.

തുടര്‍ന്ന് വൈകിട്ട് 3 മണിയോടെ ഉദ്യോഗസ്ഥര്‍ കാര്‍ കോടതിയില്‍ ഹാജരാക്കി.എല്‍എ സ്‌പെഷല്‍ തഹസില്‍ ദാര്‍, ദേശീയപാതാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കലക്ടര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് വിചാരണ നടന്നത്. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ ചുമതലയുള്ള കാഞ്ഞങ്ങാട് സബ് കലക്ടര്‍ക്ക് ഇതോടെ വാഹനമില്ലാതെ യായി. ജില്ലാ കലക്ടര്‍ ഉപയോഗിച്ചിരുന്ന ഇന്നോവയാണിത്.

കലക്ടര്‍ക്ക് മറ്റാരു വാഹനം എത്തിയതോടെ ആറ് മാസം മുന്‍പ് കാഞ്ഞങ്ങാട് സബ് കളക്ടര്‍ക്ക് നല്‍കുകയായിരുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് 6 കേസുകള്‍ കൂടി സബ് കോടതിയിലുണ്ട്. പരാതിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ കെ.പീതാംബരനും സര്‍ക്കാരിനു വേണ്ടി ഗവ. പ്ലീഡര്‍ കെ.വി.അജയകുമാറും ഹാജരായി.

വളരെ പുതിയ വളരെ പഴയ